രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അക്കൗണ്ടിൽ തിരിമറി; വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ

single-img
10 September 2020

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.


രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പിൻവലിച്ചത് എന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

അയോധ്യയിലെ രാം ക്ഷേത്ര നിര്‍മ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്.

ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാജ ചെക്ക് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറഞ്ഞു. പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്പറുകളുടെ ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിന്‍വലിച്ചതെന്നാണ് കണ്ടെത്തൽ.