ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹൻ, പക്ഷേ മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും: താൻ ഇത്തവണയും മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി

single-img
8 September 2020

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിനെക്കാൾ അംഗീകാരമാണ് പാർട്ടിയിൽ നിന്ന് ലഭിച്ചത്. ജനങ്ങൾ നൽകിയ സ്‌നേഹവും അർഹിക്കുന്നതിനെക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡൽഹിയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹനാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

പ്രതിപക്ഷ നേതാവെന്ന നിലയിൽ നല്ല നിലയിലുള്ള പ്രവർത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രവർത്തനം പോരായെന്ന ആക്ഷേപം കേട്ടിട്ടുണ്ട്. എല്ലാവരും ഇടതുമുന്നണിയുമായി താരതമ്യപ്പെടുത്തുന്നത് കൊണ്ടാണ് ആ അഭിപ്രായം വരുന്നത്. അവർ ചെയ്യുന്നത് ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ല. അവർ ചെയ്യുന്നത് ഞങ്ങൾ ചെയ്‌താൽ പിന്നെ മണ്ഡലത്തിലേക്ക് പോകാനാവില്ല. ആ പരിമിതികൾ ഉള്ളതുകൊണ്ടാണ് വിമർശനം വരുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

തന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുന്നതിനോടൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് ഉമ്മൻചാണ്ടി ചെയ്തിരിക്കുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനായ മുല്ലപ്പള്ളിയും മത്സരിക്കാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.