ഒരു കോടി രൂപ നഷ്ടപിഹാരം നൽകണം: അനിൽ അക്കരയ്ക്ക് മന്ത്രി മൊയ്തീൻ്റെ വക്കീൽ നോട്ടീസ്

single-img
6 September 2020

അനില്‍ അക്കര എംഎല്‍എയ്ക്ക് മന്ത്രി എ സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച അനില്‍ അക്കരയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് ഇടപാടില്‍ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രി എ സി മൊയ്തീനെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു. 

നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന 20 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറയുന്ന മൊയ്തീന്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മാണത്തിന്റെ രേഖകളും റെഡ്ക്രസ്ന്റുമായി ഒപ്പുവച്ച് കരാറും പുറത്തുവിടുകയാണ് വേണ്ടതെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. 

ഇതിന് മറുപടിയായി, ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ‘അനില്‍ അക്കര എം എല്‍ എ നടത്തുന്നത് രാഷ്ട്രീയ പ്രചാര വേലയാണ്.  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസന്റ്. സര്‍ക്കാരുമായി പണമിടപാടില്ല’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.