ലൈഫ് മിഷൻ പൂർണതയിൽ എത്തുമ്പോൾ ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

single-img
6 September 2020

ഭവന രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനായി ഒരു വലിയ ഉദ്യമത്തിലാണ് നമ്മൾ എന്നും ലൈഫ് മിഷൻ അതിന്റെ പൂർണതയിൽ എത്തുമ്പോൾ ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ രണ്ടേ കാൽ ലക്ഷത്തിലധികം ഭവനരഹിത കുടുംബങ്ങളുടെ അടച്ചുറുപ്പുള്ള വീടെന്ന ആഗ്രഹം പൂവണിയിക്കാൻ ഇതിനകം സർക്കാരിന് കഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സംഘടനകളും വ്യക്തികളും ലൈഫ് പദ്ധതിക്ക് പിന്തുണയുമായി എത്തുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ യൂണിയനും ലൈഫുമായി കൈകോർക്കുകയാണ്. 8 ഭവനരഹിത കുടുംബങ്ങൾക്കായി തിരുവനന്തപുരം മണന്തലയിൽ ഭവനസമുച്ചയം പൂർത്തീകരിച്ചു. ജീവനക്കാരിൽ നിന്നും പ്രവർത്തന ഫണ്ട് ആയി പിരിച്ച തുക മാറ്റിവെച്ചാണ് എൻ ജി ഒ യൂണിയൻ ഇതിനായി തുക കണ്ടെത്തിയത് എന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റില്‍ പറയുന്നു.

സംസ്ഥാനത്തെ വികസന-ക്ഷേമ പദ്ധതികൾ ശക്തമായി മുന്നോട്ടു പോവുകയാണ്. ഇതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. സ്വന്തം ഉത്തരവാദിത്തങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഇവിടെ പ്രകടമാകുന്നു. ഇത്തരം മാതൃകകളാണ് സർക്കാർ ജീവനക്കാരെ നയിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.