ബിജെപി ജനപ്രതിനിധികൾക്കതിരെയുള്ള കേസുകള്‍ പിൻവലിക്കും; കര്‍ണാടക സർക്കാർ തീരുമാനം നിയമോപദേശം മറികടന്ന്

single-img
5 September 2020

കേസുകള്‍ പിന്‍വലിക്കുന്നത് കോടതികളുടെ ജോലി ഭാരം കുറയ്ക്കാനെന്ന് ബിജെപി മന്ത്രി

കർണാടകയിൽ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും. യെദിയൂരപ്പ നയിക്കുന്ന ബിജെപി സര്‍ക്കാറിന്റെ തീരുമാനമാണിത്. നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ കർണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജനപ്രതിനിധികള്‍ക്കെതിരെയുള്ള വധശ്രമമടക്കമുള്ള ഗുരുതര ക്രിമിനല്‍ കേസുകളെല്ലാം പിന്‍വലിക്കും.

സംഘപരിവാര്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരെയുള്ള 63 കേസുകളാണ് പിൻവലിക്കുക. ഓഗസ്റ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു കേസുകളെല്ലാം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വനം മന്ത്രി അനന്ത് സിംഗ്, കൃഷി മന്ത്രി ബിസി പാട്ടീല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംപി രേണുകാചാര്യ, മൈസൂരു-കൊഡഗു എംപി പ്രതാപ് സിംഹ, ഹവേരി എംഎല്‍എ നെഹ്‌റു ഒലേക്കര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. രേണുകാചാര്യക്കെതിരെ വധശ്രമത്തിനാണ് കേസുള്ളത്.

നേരത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍, അവരുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് നിയമപോദേശം മറികടന്നും പിന്‍വലിച്ചിരുന്നെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽക്കേസുകളില്‍ ഉള്‍പ്പെട്ടവരുടേതക്കമുള്ള കേസുകളാണ് പിന്‍വലിക്കുന്നതെന്നും ബിജെപിയുടെ അജണ്ടകളാണ് പുറത്തുവരുന്നതെന്നും കർണാടക വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു.