ലഹരിമരുന്ന് കേസ്: ക്രൈം ബ്രാഞ്ച് നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തു

single-img
4 September 2020

കന്നഡ സിനിമയില്‍ നിന്നുള്ള പ്രമുഖർ ഉൾപ്പെട്ട ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. നടിയെ അറസ്റ്റ് ചെയ്ത വിവരം ബംഗളുരു സിറ്റി പോലീസിലെ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലാണ് അറിയിച്ചത്.

ഇന്ന് രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ലഹരിമരുന്ന് കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.രാഗിണിയുടെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

കര്‍ണാടകയിലെ യെലഹങ്കയിലെ ഫ്ലാറ്റിൽനിന്നാണ് രാഗിണിയെ പോലീസ് പിടികൂടിയത്. നോട്ടീസില്‍ ആവശ്യപ്പെട്ട പ്രകാരം ചോദ്യം ചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് ഈ നടപടിയുണ്ടായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വിറ്ററിലൂടെ അറിയിച്ചു.