കെ സുധാകരൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നു; എം വി ജയരാജൻ

single-img
3 September 2020

കോൺഗ്രസ് നേതാവ് കെ സുധാകരൻ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ എം പി പതിവ് ‘കലാപ പരിപാടികൾ’ ആസൂത്രണം ചെയ്യുന്ന ആളാണെന്നും, അതിലാണ് അദ്ദേഹം സാമർത്ഥ്യം കാണിക്കുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ഓഫീസുകൾ ഇനി ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന സുധാകരന്‍റെ ഭീഷണിക്കെതിരെയും എം വി ജയരാജൻ വിമർശനമുയർത്തി.
സിപിഎം അക്രമത്തിൽ വിശ്വസിക്കുന്നില്ല, നാട്ടിൽ സമാധാനം ഉണ്ടാക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. പലയിടത്തും സിപിഎമ്മിന്റെ ഓഫീസിനു നേരെ കോൺഗ്രസിന്റെ ആക്രമണം തുടരുന്നുണ്ട്. അത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ജയരാജൻ പറഞ്ഞു.

യുഡിഎഫിനും ബിജെപിക്കും വേണ്ടി നവമാധ്യമങ്ങളിൽ പെയ്ഡ് ഏജന്‍സികൾ പ്രവർത്തനം നടത്തുന്നതായും ജയരാജൻ കുറ്റപ്പെടുത്തി. പിഎസ്‍സി വിവാദത്തിൽ കമന്‍റിടുന്ന പലരും റാങ്ക് ലിസ്റ്റിൽപ്പോലും ഇല്ലാത്തവരാണ്. അവരെല്ലാം കോൺഗ്രസിന്‍റെയും ബിജെപിയുടെയും പെയ്‍ഡ് ഏജൻസികളിൽ നിന്ന് കമന്‍റുകൾ ഇടുകയാണെന്നും ജയരാജൻ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ താൻ കീഴ്ഘടകങ്ങൾക്ക് നൽകിയ നി‍ർദേശം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും എം വി ജയരാജൻ വ്യക്തമാക്കി.