കേരളകൗമുദി ജീവനക്കാരന് വധഭീഷണി. ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു

single-img
3 September 2020

വീട് വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കേരളകൗമുദി ജീവനക്കാരന് ആർഎസ്എസ് പ്രവർത്തരുടെ വധഭീഷണി. പരാതിയിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം അമ്പലത്തറ സ്വദേശി പ്രവീണിന്റെ ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും വിലയ്ക്ക് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

പഴഞ്ചിറ അമ്മച്ചിമുക്ക് സ്വദേശി പഴഞ്ചിറ അജയൻ എന്ന ആളും അയാളുടെ സുഹൃത്തുമാണ് കേസിലെ പ്രതികൾ. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് എസ്എച്ച്ഒ ഇവാർത്തയോട് പറഞ്ഞു. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് പ്രവീൺ ആരോപിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പഴഞ്ചിറ അജയനും സഹായിയും കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രവീണിനെയും ഭാര്യ വൈശാഖയെയും റോഡിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയായിരുന്നു.

നിരന്തരമായി ഇയാൾ ഭീഷണിപെടുത്തുന്നതായി ഇതിനു മുൻപും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഇവർ മാസങ്ങളായി പ്രവീണിനെയും കുടുംബത്തെയും അവരുടെ താമസ സ്ഥലത്ത് വെച്ച് നിരന്തരമായി ഭീഷണിപ്പെടുത്തുന്ന വിവരം ഫോർട്ട് പോലീസിൽ രേഖാമൂലം അറിയിച്ചിരുന്നതായും പ്രവീൺ പറയുന്നു.