”അടൂര്‍ പ്രകാശ് ഗുണ്ടകളെ സഹായിച്ചു വരുന്നു” ആരോപണം കടുപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

single-img
2 September 2020

വെഞ്ഞാറമ്മൂട് ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. അപ്രതീക്ഷിത വിജയം ഉണ്ടായതിന് പിന്നാലെ അതിന് സഹായിച്ചുവെന്ന് കരുതുന്ന ഗുണ്ടകളെ കഴിഞ്ഞ ഒരു വര്‍ഷമായി അടൂര്‍ പ്രകാശ് സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അവരെ എല്ലാ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അടൂര്‍ പ്രകാശ് ഇടപെടുന്നുവെന്നും കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ.പി.ജയരാജനടക്കം പറഞ്ഞിരുന്നു. മാത്രമല്ല അടൂര്‍ പ്രകാശിനെതിരേ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഉന്നത ഗൂഢാലോചനയിലേക്ക് കൂടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. തനിക്കെതിരേ ആരോപണം വന്നതിന് പിന്നാലെ ഞാനുമായി നേരിട്ട് സംസാരിക്കുന്നത് തെളിയിക്കാന്‍ അടൂര്‍ പ്രകാശ് എം.പിയും വെല്ലുവിളിച്ചിരുന്നു.

അതേസമയം രണ്ടുസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിനൊടുവിൽ സംഭവിച്ചതാണെന്നും രാഷ്ട്രീയകാരണങ്ങൾ കൊലപാതകത്തിന് പിന്നിലില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സി.പി.എം ആരോപിക്കുന്നത്. ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കി.