ബിഗ് ബസാർ ഇനി റിലയൻസിന് സ്വന്തം

single-img
30 August 2020

ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസുകൾ തുടങ്ങിയവ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുത്തു . 24,713 കോടി രൂപയ്ക്കാണു റിലയൻസ് വാങ്ങിയത്.
രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, വസ്ത്രവ്യാപാര ശൃംഖല ബ്രാൻഡ് ഫാക്ടറി, ഭക്ഷ്യശാല ശ്യംഖല ഫുഡ്ഹാൾ എന്നിവ അടക്കം ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിവിധ വ്യാപാരസ്ഥാപനങ്ങളാണു റിലയൻസ് റീട്ടെയിലിന്റെ ഭാഗമാകുക.

ഫ്യൂച്ചർ ഗ്രൂപ്പ് അതിന്റെ ചില ഗ്രൂപ്പ് കമ്പനികളെ ലയിച്ചിച്ച് ഫ്യൂച്ചർ എന്റർപ്രൈസസ് ആക്കുന്നതിന്റെ ഭാഗമാണീ നടപടിയെന്നു റിലയൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫ്യൂച്ചറിന്റെ കടബാധ്യതകൾ റിലയൻസ് അടച്ചുതീർക്കും. ബാക്കിത്തുക ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്കു പണമായി നൽകും. ഈ പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര സംരംഭങ്ങളെല്ലാം റിയലൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡിൽ ലയിക്കും. ലോജിസ്റ്റിക്സ്, വെയർഹൗസിങ് സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കും.

കോവിഡ് മഹാമാരിയെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതോടെയാണു 3 ദശകം കൊണ്ട് കിഷോർ ബിയാനി കെട്ടിപ്പടുത്ത ബിഗ് ബസാർ അടക്കം വ്യാപാര സ്ഥാപനങ്ങൾ റിലയൻസിനു കൈമാറാൻ തീരുമാനിച്ചത്. കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലായിരുന്നു ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിലെ ഫഌഗ്ഷിപ്പ് സ്‌റ്റോറുകളായ ബിഗ് ബസാര്‍, ഫാഷന്‍ ബസാര്‍ തുടങ്ങിയവ. ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയുടെ മുഖമായ കിഷോര്‍ ബിയാനി വിപ്ലവകരമായ ആശയങ്ങള്‍ കൊണ്ട് രാജ്യത്തെ സംഘടിത റീറ്റെയ്ല്‍ രംഗത്തെ മാറ്റി മറിച്ച വ്യക്തികൂടിയായിരുന്നു.

എന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ കടം കുത്തനെ കൂടിയതും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതും കമ്പനിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഫ്യൂച്ചര്‍ ഓഹരികള്‍ ഈട് വെച്ച് വാങ്ങിയ വായ്പകളും കിഷോര്‍ ബിയാനിക്ക് കുരുക്കായി മാറുകയായിരുന്നു. ഈടിന്റെ മൂല്യം ഇടിഞ്ഞതോടെ ധനകാര്യ സ്ഥാപനങ്ങള്‍ ടോപ് അപ്പ് ഓഹരികള്‍ ആവശ്യപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് വായ്പ നല്‍കിയ പ്രമുഖ ബാങ്കുകള്‍ക്കുള്ള തിരിച്ചടവും മുടങ്ങി. ഇതേ തുടര്‍ന്നാണ് പ്രമുഖ വായ്പാദാതാവ് ഫ്യൂച്ചര്‍ റീറ്റെയ്‌ലിനെ റിലയന്‍സ് റീറ്റെയ്‌ലില്‍ ലയിപ്പിക്കാനുള്ള വഴി തേടിയത്.