സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കുമ്പോൾ മീൻവളർത്തലിനെ കുറിച്ചു പറയുന്ന മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

single-img
28 August 2020

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആയില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. എട്ട് ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒന്നിനു പോലും മറുപടിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്വര്‍ണക്കടത്തിനെക്കുറിച്ചു ചോദിക്കുമ്പോള്‍ മീന്‍ വളര്‍ത്തലിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ഉള്ളജാള്യതയാണ് പിണറായി വിജയനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. 

മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രസംഗം വെറും നോക്കി വായിക്കല്‍ മാത്രമായി മാറി. ഒരു ഫയലും ചോദിക്കുമ്പോള്‍ തരാന്‍ തയ്യാറാവുന്നില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്നു ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റിലെ  ഫയലുകള്‍ നടന്ന് പോയി കത്തിയതല്ല. ഇത്  പോലെ ഒരു തീപിടിത്തം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സെന്‍ട്രലൈസ് എ.സി ഉള്ളിടത്ത് എന്തിനാണ് പഴക്കം ചെന്ന ഫാന്‍  കൊണ്ട് വെച്ചത്? ഉരുകിയൊലിച്ച് താഴെ വന്ന് തീപിടിച്ചുവെന്നൊക്കെയാണ് പറയുന്നത്. ഇത്രയും വിചിത്രമായ തീപിടിത്തം ആദ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.