മേലിൽ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

single-img
28 August 2020

താൻ ഇനിമുതൽ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അറിയിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

പൊതുജനാഭിപ്രായം മാനിച്ച്, മേലാല്‍ സാഹിത്യോല്‍സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
-ബാലചന്ദ്രന്‍ ചുള്ളിക്കാട്