ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്: ദേശാഭിമാനിയിലൂടെ സൂചന നൽകി കോടിയേരി

single-img
28 August 2020

അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പൂർണ്ണമായും യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച  കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം നീക്കം. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി  നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.

കൂട്ടായ ചര്‍ച്ചകളിലൂടെ എല്‍ഡിഎഫ് തീരുമാനമെടുക്കും. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്നും കോടിയേരി പറയുന്നു. 

 യുഡിഎഫ് തീരുമാനം തൻ്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ്  ജോസ് കെ മാണി പക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതുമെന്നുള്ളതു ശ്രദ്ധേയമാണെന്നും കോടിയേരി വ്യക്തമാക്കുന്നു. 

യുഡിഎഫിൻ്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഐ എമ്മോ കക്ഷിയാകില്ല. എന്നാല്‍, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് പൊതുലക്ഷ്യമെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.