പുൽവാമ; ഭീകരരെ സഹായിച്ചത് 23കാരി ഇന്‍ഷാ ജാന്‍

single-img
27 August 2020

പുൽവാമ ആക്രമണ കേസിൽ നിർണായക വഴിത്തിരിവുമായി ദേശീയ അന്വേഷണ ഏജൻസി. പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരിയെന്ന് എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. അച്ഛൻ താരിഖ് അഹമ്മദ് ഷായുടെ വീട് ചാവേർ ബോംബർ ആദിൽ അഹമ്മദ് ദാർ ഉപയോഗിച്ചതായി എൻ‌ഐ‌എ ആരോപിച്ചു.

ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധം. ഇരുവരും കൈമാറിയ ഫോൺ സന്ദേശങ്ങളെക്കുറിച്ചും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാണ്. ഇൻഷാ ജാനിന്റെ പിതാവ് താരിഖ് പിർനും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. ഒന്നിലേറെ തവണ ഭീകരരെ വീട്ടിൽ പാർപ്പിക്കുകയും ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയം ചെയ്തു.

ജയ്ഷെ മുഹമ്മദെന്ന നിരോധിത ഭീകരസംഘടനയുടെ തലവൻ മസൂദ് അസ്ഹർ അടക്കം 19 പേരാണ് കേസിലെ പ്രതികൾ. മസൂദ് അസ്ഹറിന്റെ അനന്തരവനാണ് ഉമർ ഫാറൂഖ്. 2019 ഫെബ്രുവരി 24നാണ് ജവാന്മാർ സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. തുടർന്നു നടന്ന അന്വേഷണത്തിൽ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ സംഭവങ്ങളിൽ പിടിയിലായ ഭീകരരിൽ നിന്നും അവർക്ക് ഒളിത്താവളങ്ങൾ നൽകിയവരിൽ നിന്നും കിട്ടിയ മൊഴികളും ചാവേർ ആദിൽ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി.

ഈ തെളിവുകളെല്ലാം എൻഐഎ ജോയിന്റ് ഡയറക്ടർ അനിൽ ശുക്ല സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുൽ റൗഫ്, അമ്മാർ അൽവി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാർ.