ജോസ്.കെ മാണി വിഭാഗത്തിനോട് നിലപാട് കടുപ്പിച്ച് കെ.പി.സി.സി

single-img
26 August 2020

ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കാൻ കെ.പി.സി.സി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. .വിഷയത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. നിലവില്‍ യുഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്ന ജോസ് വിഭാഗത്തിനോട് ഇനി മൃദു സമീപനം വേണ്ടെന്നും തീരുമാനമുണ്ട്.

നിയമസഭയില്‍ യു.ഡി.എഫ്. നല്‍കിയ വിപ്പ് ലംഘിക്കുകകൂടി ചെയ്തതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി കഴിഞ്ഞു. ഒത്തുതീര്‍പ്പ് എന്ന മുന്നണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യം തന്നെയാണ് നിലവിൽ. ഇന്നലെ രാത്രിയാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. സെപ്റ്റംബര്‍ മൂന്നിനു ചേരുന്ന യു.ഡി.എഫ്. നേതൃയോഗം ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കു നീങ്ങാനാണ് സാധ്യത. യു.ഡി.എഫ്. യോഗങ്ങളില്‍നിന്നു മാത്രമല്ല, മുന്നണിയില്‍നിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം ഇപ്പോൾ നീങ്ങുന്നത്.

ജോസ്.കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകുന്നെങ്കില്‍ പോകട്ടെയെന്ന കടുത്ത നിലപാടിലേക്കാണ് കോണ്‍ഗ്രസ് ‌. നിലവിലെ സാഹചര്യത്തില്‍ മുന്നണിയിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ് തന്നെ ജോസ്.കെ. മാണിയെ തിരികെ എടുക്കേണ്ടതില്ല എന്ന തീരുമാനം എടുത്ത സാഹചര്യത്തില്‍ യുഡിഎഫില്‍ മറിച്ചൊരു തീരുമാനം ഇനിയുണ്ടാകാന്‍ സാധ്യതില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇനി പുതിയ എന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയരുന്നതുവരെ ജോസ് കെ മാണിയെ വേണ്ടെന്ന നിലപാടിലാകും യുഡിഎഫ്.

ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും എന്‍. ജയരാജും തിങ്കളാഴ്ച അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് വേളയില്‍ സഭയില്‍ ഹാജരായില്ല എന്നതും ശ്രദ്ധേയമാണ് . ഇതോടെ മുന്നണിയെ ഘടകക്ഷികള്‍ എല്ലാം ഈ നീക്കത്തിനെ വഞ്ചനാപരമായ നിലപാടായാണ് കാണുന്നത്. ഇടതു സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ യുഡിഎഫില്‍ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തേടിയെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം വിപ്പ് ലംഘിച്ചതിന്റെപേരില്‍ ഇരു വിഭാഗവും മറുഭാഗത്തെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കും. സ്പീക്കറുടെ തീരുമാനമാണ് അന്തിമം. എന്നാല്‍, പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ഏതു വിഭാഗമാണ് ഔദ്യോഗികമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് വരാനുണ്ട്. കമ്മിഷന്റെ തീര്‍പ്പ് വരുന്നതിനുമുമ്പ് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യതയുമില്ല.

ജോസ് വിഭാഗം ഇടതു മുന്നണിയില്‍ ചേര്‍ന്നാലും കൂറുമാറ്റ നിരോധന വിഷയത്തിലും സ്പീക്കറുടെ നിലപാടാവും പ്രധാനം. ഇപ്പോഴത്തെ സ്ഥിതിയില്‍ അത് ജോസിന് അനുകൂലമാവാം. നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തത് സഭാ രേഖകളിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് ഉയര്‍ന്നുവരുന്ന ഒരു വാദം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയേക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ ഇടതുമുന്നണിയുമായി അനൗപചാരിക ചര്‍ച്ചകള്‍ നടന്നുവെന്നും വിവരങ്ങളുണ്ട്. എന്നാൽ സിപിഐയുടെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല.