ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേയ്ക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറി: ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

single-img
26 August 2020

സെക്രട്ടറിയേറ്റിലേക്ക് ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് മന്ത്രി ഇപി ജയരാജന്‍. തലസ്ഥാനത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹംആരോപിച്ചു. സ്വര്‍ണ്ണ കടത്തുകേസുമായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകേണ്ട ഒരു രേഖയും കത്തിയിട്ടില്ല. അവ സുരക്ഷിതമാണ്. ഇ- ഫയലിംഗ് എന്ന സംവിധാനം സമഗ്രമായി നടപ്പാക്കിയ സർക്കാരാണിതെന്നും ഇ പി ജയരാജൻ പറഞ്ഞ‌ു.

ഇവിടെ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കളുടെ കൂടി സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. അതേപോലെ തന്നെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും കേന്ദ്ര സര്‍ക്കാരിലെ പല മന്ത്രാലയങ്ങളുടെ ഓഫീസിലും നോർത്ത്, സൗത്ത് ബ്ലോക്കുകളിലും തീപിടിച്ചിട്ടില്ലേ എന്ന് മന്ത്രി ചോദിച്ചു. പാർലമെന്റിന്റെ അനക്സിൽ
ഈ ഓഗസ്റ്റ് 16-നാണ് തീപിടിച്ചത്. അതേപോലെ ഒരിക്കല്‍ പ്രധാനമന്ത്രിയുടെ വീടായ ലോക് കല്യാൺ മാർഗിലും ഓഫീസിലും തീപിടിത്തമുണ്ടായി. അവിടെയെല്ലാം മോദി വല്ല രേഖയും കടത്തിയിട്ട് തീപിടുത്തം ഉണ്ടാക്കിയതാണെന്ന് ഇവരാരെങ്കിലും പറയുമോ എന്നും മന്ത്രി പരിഹസിച്ചു. ഇപ്പോള്‍ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം നടക്കും. അതിന് സഹായകമാകാൻ വേണ്ടിയാണ് ആ സമയം മാധ്യമങ്ങളെ ഉൾപ്പടെ തടഞ്ഞത്. ഈ കാര്യത്തില്‍ ചീഫ് സെക്രട്ടറി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റി, എന്നും മന്ത്രി പറഞ്ഞു.