വിമാനത്താവളം കൈമാറ്റത്തിന് സ്റ്റേ ഇല്ല ; സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി

single-img
25 August 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാ സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി . കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും . നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉത്തരവുണ്ടാകും വരെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഉത്തരവ് വരും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി അനുവദനീയമല്ലെന്നും, അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കേന്ദ്രനടപടി പാടില്ലെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഹര്‍ജി പരിഗണിച്ച കോടതി അടിയന്തര സ്‌റ്റേ ആവശ്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും രേഖകളോ റിപ്പോര്‍ട്ടുകളോ ഹാജരാക്കാനുണ്ടെങ്കില്‍ അടുത്തമാസം ഒമ്പതിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. അതിന് ശേഷം 15 ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.