സെക്രട്ടേറിയറ്റിൽ തീപിടിത്തം; തീപിടുത്തമുണ്ടായത് വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ

single-img
25 August 2020

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. തീപിടുത്തത്തില്‍ നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അഗ്നിശമന സേന എത്തി തീ അണച്ചു.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്.

കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് അറിയിച്ചു. സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം എന്നും ഫയർഫോഴ്സ് പ്രതികരിച്ചു.

അതേസമയം, സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ വെച്ചിരിക്കുന്ന റാക്കിൽ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകൾ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.