ഐപിഎസ് വലിച്ചെറിഞ്ഞ ധീരന്‍; അറിയപ്പെടുന്നത് ‘ കര്‍ണാടക സിംഹം’ എന്ന പേരില്‍; ഒടുവില്‍ അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയില്‍ ചേര്‍ന്നു

single-img
25 August 2020

ജനങ്ങൾക്കിടയിൽ ; കർണാടക സിംഹം’ എന്ന പേരിൽ അറിയപ്പെടുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ കുപ്പുസ്വാമി ഒടുവിൽ ബിജെപിയിൽ ചേർന്നു. തലസ്ഥാനമായ ഡൽഹിയിലെ ബിജെപിയുടെ ആസ്ഥാനത്ത് , ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി പി മുരളീധര റാവു, തമിഴ്നാട് ബിജെപി പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം.

2019ൽ ഐപിഎസ് രാജിവെച്ച അണ്ണാമലൈ കുപ്പുസ്വാമി ആ സമയം തന്നെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ ആ സമയം കർണാടകയിലെ ആഭ്യന്തര സെക്രട്ടറിയായിരുന്ന ഡി രൂപ അണ്ണാമലൈ നടത്താനിരിക്കുന്ന രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചെറിയ സൂചനകൾ നൽകിയിരുന്നു .

ഐപിഎസ് ജോലി വലിച്ചെറിഞ്ഞുകൊണ്ട് രാഷ്ട്രീയത്തിരാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ചങ്കൂറ്റം വേണമെന്നായിരുന്നു രൂപ അന്ന് പറഞ്ഞ വാക്കുകൾ. മാത്രമല്ല, ജീവിതത്തിൽ വിജയം കണ്ടെത്തിയവർ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് വളരെ ഹൃദ്യമാണെന്നും രൂപ പറഞ്ഞിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനായ അണ്ണാമലൈ നേരത്തെ ബിജെപിയെയും പുകഴ്ത്തിയിട്ടുണ്ട്. 2018 ഒക്ടോബറിലായിരുന്നു അണ്ണാമലൈ ബെംഗളൂരു (സൗത്ത്) ഡിസിപിയായി ചുമതലയേക്കുന്നത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും ബിരുദവും ഇദ്ദേഹത്തിന് സ്വന്തമാണ്. 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയാണ്.

2013 ൽ കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കർക്കല സബ് ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി അദ്ദേഹത്തെ നിയമിച്ചു. അതിന് ശേഷം 2015 ജനുവരി 1 ന് ഉഡുപ്പിയിലെ എസ്പിയായി സ്ഥാനക്കയറ്റംലഭിക്കുകയും ചെയ്തു. ഈ ചുമതലയിൽ ഇരിക്കെ തീരദേശ ജില്ലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അദ്ദേഹം പ്രശസ്തി നേടി. ഇതിനെ തുടർന്ന് കർണാടക ‘സിങ്കം’ എന്നും അദ്ദേഹം അറിയപ്പെട്ടു.

2016 ജൂലൈ ആയതോടെ ഇദ്ദേഹത്തെ ചിക്കമംഗളൂരു ജില്ലയിലെ എസ്പിയായി നിയമിച്ചു. ഇവിടെ വെച്ച് ബാബ ബുഡാംഗിരി വിഷയം കൈകാര്യം ചെയ്തതിന് അദ്ദേഹം അധികൃതരിൽ നിന്നും കൂടുതൽ പ്രശംസ നേടി. ബിജെപിയുടെ ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായതിന് മണിക്കൂറുകൾക്കകം രാമാനഗര ജില്ലാ എസ്പിയായി ചുമതലയേൽക്കാൻ 2018 ൽ അണ്ണാമലൈക്ക് ട്രാൻസ്ഫർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ ഈ സ്ഥലംമാറ്റംനടന്നിരുന്നില്ല.