കോണ്‍ഗ്രസിനെ രക്ഷിക്കുന്നത് ആരായിരിക്കും? നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധി

single-img
24 August 2020

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനുള്ള സന്നദ്ധത ആവർത്തിച്ച് സോണിയ ഗാന്ധിയും രംഗത്ത് എത്തി കഴിഞ്ഞു. തന്റെ പകരക്കാരനെ കണ്ടെത്തുന്നതിനുള്ള നപടികൾ ആരംഭിക്കാൻ അവർ ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെടുകയായിരുന്നു. പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ ദയനീയ ചിത്രമാണ് കുറച്ചധികം കാലമായി ഇന്ത്യൻ ജനത കാണുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സെന്ന വൻ മരത്തിന് എന്താണ് സംഭവിച്ചത് ? എവിടെയാണ് അടിപതറിയത് ? കോൺഗ്രസ് പാർട്ടിക്കുള്ളിലും പുറത്തുമായി ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കോൺഗ്രസിന്റെ ആ പഴയ സുവർണകാലത്തെ പറ്റി എപ്പോഴോ കണ്ടു മറന്ന ഒരു സ്വപ്നം പോലെ ഓർക്കാനേ നിവർത്തിയുള്ളു.

സ്വാതന്ത്ര്യസമരത്തിൽ നമ്മുടെ ഒട്ടുമിക്ക സമരനായകന്മാരും ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ ആയിരുന്നു. ഗാന്ധിജി, നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്രപ്രസാദ് അങ്ങനെ പലരും. ഈ പാർട്ടിയുടെ കൊടിക്കീഴിലാണ് നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഒരു ഉപഭൂഖണ്ഡം ആദ്യമായി ദേശീയതയുടെ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുന്നത് പോലും. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമരസേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.

1947ലെ സ്വതന്ത്ര്യലബ്ധിക്ക് ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ആറ് എണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്രുമുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്. ഈ പറഞ്ഞ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് എവിടെയും ചർച്ച. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ച ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ വലിയ അലകളുയർത്തിയിരിക്കുകയാണ്.പോയ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നാണക്കേടിൽനിന്നും മധ്യപ്രദേശിലെയും കർണാടകയിലെയും അധികാരനഷ്ടത്തിന്റെ ഖേദങ്ങളിൽനിന്നും മുക്തി നേടുന്നതിനു മുൻപാണു സോണിയ ഗാന്ധി മൂന്നാമതും ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെടുന്നത്.

1998-ലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാവുന്നത്. ആറു കൊല്ലങ്ങള്‍ക്കപ്പുറത്ത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വീണ്ടും മന്ത്രിസഭയുണ്ടാക്കിയെങ്കില്‍ അത് അടിവരയിച്ചിട്ടു തെളിയിച്ച ഒരു കാര്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു കുടുംബത്തിന്റെ സാന്നിദ്ധ്യവും പ്രസക്തിയുമായിരുന്നു. 2004-ലെ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി മത്സരിക്കുന്നത്. ടീം രാഹുലിന്റെ രംഗപ്രവേശവും 2004 കണ്ടു. ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും ജിതിന്‍ പ്രസാദയും മിളിന്ദ ദിയോറയുമടങ്ങിയ ഈ ടീമില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രമുഖരും അടുത്ത പത്ത് വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ മന്ത്രിമാരായി. സ്വയം മാറി നിന്ന ഒരാള്‍ രാഹുല്‍ ഗാന്ധിയായിരുന്നു. 2009-ല്‍ രാഹുലിന് പ്രധാനമന്ത്രി സ്ഥാനം അപ്രാപ്യമായിരുന്നില്ല എന്ന് തന്നെ പറയാം. പിന്നീട് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ രക്ഷിക്കാൻ തലപ്പത്ത് ഉണ്ടായിരുന്നുവെങ്കിലും ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി രാജി റദ്ദാക്കി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്.