ഈ വർഷം ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും, വാർഷിക പരീക്ഷ മേയിൽ

single-img
23 August 2020

ഇത്തവണ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കുമെന്നു സൂചനകൾ. അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ പൊതു വിദ്യാഭാസ വകുപ്പ് ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടുതന്നെ വാര്‍ഷിക പരീക്ഷ മേയില്‍  നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് പ്രധാനമായും ഉയരുന്നത്.  മാര്‍ച്ചില്‍ അക്കാദമികവര്‍ഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രില്‍, മേയ് മാസങ്ങളിലേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശം കരിക്കുലം കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നു.  ഇക്കാര്യം സജീവ പരിഗണനയിലാണ്. 

അതേസമയം സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാര്‍ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അത് വെട്ടിച്ചുരുക്കാനാവില്ല. എന്നാല്‍ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും. 

നിലവില്‍ മുതിര്‍ന്ന ക്ലാസുകളില്‍ മാത്രമാണ് ദിവസേന രണ്ടുമണിക്കൂര്‍ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളില്‍ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവില്‍ പഠിപ്പിച്ചിരിക്കുന്നത്.