ഇറാനെതിരായ ഉപരോധം; രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് അമേരിക്ക; ഏറ്റുവാങ്ങിയത് ദയനീയ പരാജയം

single-img
22 August 2020

ഇറാനെതിരേ നേരത്തെ പ്രഖ്യാപിച്ച ഉപരോധം വീണ്ടും പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. സമിതിയിലെ സ്ഥിരാംഗങ്ങൾ, താത്കാലിക അംഗങ്ങൾ എന്നിവർ ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കൻ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു.

അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും ഇക്കുറി അമേരിക്കക്ക് എതിരെ വോട്ടുചെയ്തു. 2015ല്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ നിലവിൽ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്.

അമേരിക്കയിൽ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ വർഷം കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. അതേസമയം കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് ഇത് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

‘ജോയൻറ്​ കോംപ്രഹെൻസിവ്​ പ്ലാൻ ഓഫ്​ ആക്​ഷൻ’ എന്ന് പേരുള്ള ഇറാൻ ആണവ കരാറിനൊപ്പമാണ്​ തങ്ങളെന്നും അമേരിക്ക നടത്തുന്ന നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു. മാത്രമല്ല, 2018 മേയ്​ എട്ടിന് യുഎസ്​ പിൻവാങ്ങിയതോടെ അവർ കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ നിലപാട്​ അംഗീകരിക്കില്ലെന്ന്​ ചൈന നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.