ഇന്ത്യൻ മുസ്ലിങ്ങൾ ഒരുമിക്കണം; കേരളത്തിലേക്ക് നീങ്ങണം; അവിടെ ജനങ്ങൾ വർഗീയ മനസ്ഥിതി ഉള്ളവരല്ല: സാക്കിർ നായിക്ക്

single-img
22 August 2020

അതിജീവനത്തിനായി ഇന്ത്യയിലുള്ള മുസ്ലീങ്ങൾ സംഘടിക്കണമെന്നും അവർ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും വിവാദ മുസ്ലിം മതപ്രഭാഷകൻ സാക്കിർ നായിക്ക് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നായിക്ക് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഇപ്പോൾ ഇന്ത്യയിൽ ബിജെപി നയിക്കുന്ന സർക്കാരിന് കീഴിൽ രാജ്യത്തെ മുസ്ലീങ്ങൾ അടിച്ചമർത്തലും ചൂഷണവും അനുഭവിക്കുകയാണെന്നും ഇതിനെതിരെ എന്താണ് പ്രതിവിധിയെന്നുമുള്ള ഒരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലിനെതിരെ ധാരാളം മതശാഖകളിലും, രാഷ്ട്രീയ പാർട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച് നിൽക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ഒന്നിക്കണമെന്നും തങ്ങൾക്ക് വേണ്ടി മാത്രമായി ഒരു പാർട്ടി അവർ രൂപീകരിക്കണമെന്നും നായിക്ക്പറഞ്ഞു. ഇന്ത്യയിൽ 250 മുതൽ 300 വരെ മില്ല്യൺ മുസ്ലീങ്ങൾ ഉണ്ടെന്നും സർക്കാർ ആ സംഖ്യയെ മനഃപൂർവം കുറച്ച് കാട്ടുകയാണെന്നുമുള്ള തന്റെ മുൻകാല പ്രസ്താവനയെ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി മുസ്ലീങ്ങൾ കൈകോർക്കണമെന്നും നിലവിൽ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ നേതൃത്വമില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. ഇന്ത്യൻ ദളിതരും മുസ്ലീങ്ങളും ഒത്തുചേരണമെന്നും അത് സംഭവിച്ചാൽ സംഘടനാബലം 600 മില്ല്യൺ വരെ ഉയർത്താൻ കഴിയുമെന്നും നായിക്ക് അവകാശപ്പെട്ടു.

ഇന്ത്യയിൽ മുസ്ലിങ്ങൾ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാൻ സാധിക്കുമെങ്കിൽ അതാണ് താരതമ്യേന നല്ലതെന്നും പക്ഷെ ഇന്ത്യ വിടേണ്ടതില്ലെന്നും പകരമായി മുസ്ലീങ്ങളോട് സഹാനുഭൂതി പുലർത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ കേരളമാണ് പെട്ടെന്ന് തന്റെമനസ്സിൽ വരുന്നത്. അവിടെയുള്ള ജനങ്ങൾ വർഗീയ മനസ്ഥിതി ഉള്ളവരല്ല എന്നും നായിക്ക് പറയുന്നു.

കേരളത്തിൽ വിവിധ മതമതങ്ങളിൽപെട്ടവർ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നതായും അവിടെ ബിജെപിക്ക് സ്വാധീനമില്ലാത്തതിനാൽ ഏറ്റവും അനുയോജ്യമെന്നും നായിക്ക് പറയുന്നുണ്ട്. ഇതിനെല്ലാം പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന മുസ്ലീങ്ങൾ അവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നതാണ് നല്ലതെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.

2016 ഇന്ത്യയിൽ നിന്നും മലേഷ്യയിൽ എത്തി ഒളിച്ച് താമസിക്കുന്ന സാക്കിർ നായിക്ക്, ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹിംസയ്ക്കായി പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അന്വേഷണം നേരിടുന്നതും രാജ്യം തേടുന്നതുമായ ആളാണ്.