ബിജെപി വേദിയിൽ ജോയ് മാത്യു: അബ്ദുള്ളക്കുട്ടിയുടെ `ദേശീയ മുസ്ലീം´ പ്രകാശനം ചെയ്തു

single-img
21 August 2020

സിനിമാ താരവും സംവിധായകനുമായ ജോയ് മാത്യു ബിജെപി വേദിയിൽ. സി.പി.എമ്മിൽ നിന്നും കോൺഗ്രസിലേക്കും അവിടെ നിന്നു ബി.ജെ.പിയിലേക്കും ചുവട് മാറിയ എ.പി. അബ്ദുള്ളക്കുട്ടിയുടെ  ‘ദേശീയ മുസ്ലീം” എന്ന പുസ്തകം പ്രകാശനം ചെയ്ത വേദിയിലാണ് ജോയ് മാത്യു മുഖ്യ പ്രഭാഷണം നടത്തിയത്. 

ബിജപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി രചിച്ച ‘ദേശീയ മുസ്ലീം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് വച്ചാണ് നടന്നത്.  ഇന്ത്യയുടെ പൈതൃകത്തിനും ദേശീയതയ്ക്കുമൊപ്പം ജീവിക്കാൻ തീരുമാനിച്ച മുസ്ലീമാണ് ദേശീയ മുസ്ലീമെന്നും താനും അക്കൂട്ടത്തിലൊരാളാണെന്നും അബ്ദുള്ളക്കുട്ടി ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. 

മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഓൺലൈൻ വഴി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താൻ ദേശീയ മുസ്ലീമെന്ന് പറഞ്ഞപ്പോൾ മറ്റുളളവർ നടത്തിയ ആക്ഷേപങ്ങൾക്ക് മറുപടിയും പുസ്തകത്തിലൂടെ അദ്ദേഹം നൽകുന്നുണ്ട്. 

തൻ്റെ നിലപാടുകളിലെ ദൃഢതയെ കുറിച്ചും നയം മാറിയത് തൻ്റെയല്ല, താൻ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതാണെന്ന് കാണിച്ചു കൊടുത്ത രാഷ്ട്രീയകാരനാണ് താനെന്നും അബ്ദുളളക്കുട്ടി പുസ്തകത്തിൽ പറയുന്നു. മുമ്പ് നാലു ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അബ്ദുളളക്കുട്ടിയുടെ പുതിയ പുസ്തകത്തിന്റെ പ്രസാധകർ ഇൻഡ്യ ബുക്സ് കോഴിക്കോടാണ്.