വിവാഹം ഇൻഷുർ ചെയ്യുക എന്ന “അംബിമോൻ്റെ” കിടുക്കാച്ചി ഐഡിയയെ നിഷ്കരുണം തള്ളിക്കളഞ്ഞ ബോസ് അറിയാൻ, അങ്ങനെയൊരു സംവിധാനമുണ്ട്: കരിക്ക് വീഡിയോയ്ക്ക് ഒരു തിരുത്ത്

single-img
21 August 2020

കരിക്കിൻ്റെ പുതിയ വീഡിയോയായ `സ്മെെൽ പ്ലീസ്´ സമുഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം കാഴ്ച വച്ച് മുന്നേറുകയാണ്. ഈ വീഡിയോയിലെ പ്രധാന രംഗമായിരുന്നു വിവാഹം ഇൻഷ്വർ ചെയ്യുന്നതു മായി ബന്ധപ്പെട്ട് സംശയം ചോദിക്കുന്ന രംഗം. സംശയം ചോദിക്കുന്ന കഥാപാത്രത്തെ ബോസ് തിരുത്തുന്നതാണ് ആ രംഗത്തിലെ തമാശ. ഇപ്പോഴിതാ ആൽവിൻ ക്രിസ് ആൻ്റണി എന്നയാൾ സിനിമാ പാരഡെെസോയിൽ എഴുതിയ കുറിപ്പിൽ ഈ രംഗത്തെപ്പറ്റി പരാമർശിക്കുന്നു. വിവാഹം ഇൻഷ്വർ ചെയ്യുക എന്ന രീതി നിലവിലുണ്ടെന്നു വ്യക്തമാക്കുകയാണ് ആൽവിൻ തൻ്റെ കുറിപ്പിൽ. 

പോസ്റ്റ് വായിക്കാം: 

കരിക്കിൻ്റെ പുതിയ വീഡിയോയിൽ ഇൻഷുറൻസ് കമ്പനി ജീവനക്കാരെ കാണിക്കുമ്പോൾ ബോസിനെ നല്ല വിവരവും എക്സ്പീരിയൻസും  ഉള്ള  ആളായും മറ്റ് രണ്ടുപേരെ ആനമണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നവരുമായാണ് ചിത്രീകരിച്ചത്. എന്നാൽ വിവാഹത്തിനെ ഇൻഷുർ ചെയ്യുക എന്ന “അംബിമോൻറെ” കിടുക്കാച്ചി ഐഡിയയെ ബോസ് നിഷ്കരുണം തള്ളിക്കളയുന്നു. കിരണിന്റെ കഥാപാത്രം സ്വയം സ്റ്റഡി മെറ്റേറിയൽ ആയിട്ടും ബോസ് ആ ആശയത്തെ പുച്ഛിച്ചു തള്ളുന്നെയുള്ളു. 

2010-ലാണ് ആദ്യമായി വിവാഹം ഇൻഷുർ ചെയ്യുക എന്നത് അമേരിക്കയിൽ പ്രാക്ടിക്കൽ ആയത്. ഇന്ന് മിക്ക യൂറോപിയൻ രാജ്യങ്ങളിലും ഈ സംബ്രദായമുണ്ട്. ഡിവോഴ്‌സിൽ വമ്പൻ തുക കോടതിച്ചെലവായും, ജീവനാംശമായും നൽകേണ്ടി വരുന്നതാണ് ഈ ആശയത്തിന്റെ പിന്നിലെ ചേദോവികാരം. ഇരു കൂട്ടർക്കും കോടതിയിലും, പുതിയ ജീവിതത്തിന്റെ തുടക്കത്തിനുമായി ഒരുപാട് പണം ചിലവാകുന്നുണ്ട്. ഇന്ത്യ പൊതുവെ വിവാഹമോചനങ്ങൾ വളരെ കുറഞ്ഞ രാജ്യമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ എക്സ്പൊനെൻഷ്യൽ ആയ കുതിച്ചുചാട്ടമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുമാണ് ഇതിൽ മുൻപന്തിയിൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എന്നാൽ വിവാഹമോചനനിരക്ക് അര ശതമാനത്തിലും താഴെയാണ്. പ്രത്യേകിച്ചും ഏറ്റവും പാട്രിയാർക്കിയൽ സമൂഹങ്ങളുള്ള ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയവയിൽ. ഇവിടെയൊക്കെ എഴുപത് ശതമാനത്തോളം പെൺകുട്ടികളും 19 വയസ്സിനുള്ളിൽ വിവാഹിതരാവും. വരൻ പ്രായവും സമൂഹത്തിലെ സ്ഥാനവും നല്ല കൂടിയ ആളാകും. ബാലവിവാഹങ്ങളും നടക്കാറുണ്ട്. അഭിപ്രായത്തിന് ഇടയുണ്ടെങ്കിലല്ലേ അഭിപ്രായവ്യത്യാസമുണ്ടാവൂ. വരുന്ന വർഷങ്ങളിൽ ഈ നിരക്ക് കൂടുതൽ ഉയരും എന്നാണു സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്.

ഇന്ത്യയിൽ വിവാഹമോചനത്തിന് മൂന്ന് മാസം മുതൽ ആറ് വർഷം വരെയൊക്കെ സമയം എടുക്കാറുണ്ട്. ഉഭയകക്ഷി തീരുമാനം അല്ലെങ്കിൽ അതിലും നീളുന്ന കേസുകളുമുണ്ട്. ഏറ്റവും കുറഞ്ഞത് (mutual cases മാത്രം) മുപ്പതിനായിരം മുതൽ അറുപതിനായിരം വരെയാണ്. അതോടൊപ്പം ഗാർഹിക പീഡനം, സ്ത്രീധനം, വഞ്ചന, മുതലായ കേസുകൾ ഇതിന്റെ കൂടെ ഉണ്ടാവുമല്ലോ ധാരാളം. ഒടുക്കം ജീവനാംശവും. 

നിലവിൽ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു പദ്ധതി ഒരു കമ്പനിയും കൊണ്ടുവന്നിട്ടില്ല. എന്നാൽ ഇത്തരമൊരു പോളിസി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വരാൻ സാധ്യതയുണ്ട്. ഏകദേശം ഒരു വർഷമായി ഇന്ത്യൻ സാമ്പത്തികരംഗത്ത് ഇതേപ്പറ്റി ചൂടുപിടിച്ച ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ ഈജിപ്തിൽ നിന്നും വന്ന ഒരു വാർത്തയാണ് അതിനു കാരണം. അവിടെ ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റി കൊണ്ടുവന്ന പുതിയ ഇൻഷുറൻസ് ബില്ലിൽ ‘എല്ലാ വിവാഹങ്ങളും ഇൻഷുർ ചെയ്യണം’ എന്നൊരു നിയമം ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയിലും ഇത്തരമൊരു സാമ്പത്തിക നീക്കത്തിന്റെ പിന്നിൽ. കുട്ടികൾക്കുള്ള പരിരക്ഷയുടെ കൂടെ ക്ലബ് ചെയ്യുകയാണെങ്കിൽ ‘അപരിചിതരെ വിവാഹം കഴിക്കുന്ന’ ശരാശരി ഇന്ത്യക്കാരന് ഇത് വലിയരീതിയിൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകിയേക്കും. 

ഒറ്റത്തവണ തീർപ്പാക്കലിൽ അഞ്ചിലൊന്നുമുതൽ മൂന്നിലൊന്നു വരെ സ്വത്താണ് പങ്കാളിക്ക് പോവുക. മാസവരിയാണെങ്കിൽ വരുമാനത്തിന്റെ പരമാവധി 25% വരെയും. വിവിധ ഫാക്റ്ററുകൾ പരിശോധിച്ചാണ് ഈ തുക തീരുമാനിക്കുക. അതിന് നിർദിഷ്ട ഫോർമുല ഒന്നുമില്ല. പത്ത് വർഷത്തിന് മുകളിൽ നീണ്ട വിവാഹങ്ങൾക്കാണ് ആജീവനാന്ത ജീവനാംശം നൽകേണ്ടിവരിക. ഇൻഷുറൻസ് വരികയാണെങ്കിൽ അത് ഇരുകൂട്ടർക്കും കൂടുതൽ ആശ്വാസമാകും എന്നത് ഉറപ്പാണ്. ഇപ്പോൾ  പ്രത്യേക പ്ലാൻ ഒന്നും  ഇല്ലെങ്കിലും ഇത്തരം ഒരു പദ്ധതി ഇന്ത്യയിൽ (എന്റെ പരിമിതമായ അറിവിൽ) നിയമവിരുദ്ധമല്ല. അതിനാൽ താല്പര്യമുള്ളവർക്ക് (പത്താം ആനിവേഴ്‌സറിക്ക് മുൻപെങ്കിലും) ഇത്തരമൊന്നിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. 

ഇന്ത്യയിലെ സാമ്പത്തിക-സാമൂഹ്യ കാരണങ്ങൾ മൂലം ഒട്ടുമിക്ക വിവാഹങ്ങളിലും പുരുഷൻ സ്ത്രീക്ക് ആണ് ജീവനാംശം നൽകേണ്ടിവരിക. കാരണം എപ്പോഴും സാമ്പത്തികമായി പുരുഷനായിരിക്കും ഉയർന്നു നില്കുന്നത്.  സ്ത്രീകളും പുരുഷന്മാർക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഏറെ തന്നെ സാമ്പത്തികമായും മറ്റെല്ലാതരത്തിലും മുൻപോട്ട് പോവാൻ ശ്രമിക്കുകയും, പുരുഷൻ അതിനുള്ള അവസരമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് എന്തുകൊണ്ടും ഇൻഷുറൻസിനേക്കാൾ നല്ലത്. അല്ലേ ? സ്ത്രീപുരുഷ തുല്യതയെക്കുറിച്ച് പറയുമ്പോൾ പലരും കമന്റ്ബോക്സിൽ കൊണ്ടുവന്നിടുന്നതാണ് അങ്ങനെയെങ്കിൽ ജീവനാംശം കൊടുക്കാൻ പാടില്ലല്ലോ എന്നത്. സ്ത്രീ പുരുഷന് ജീവനാംശം കൊടുക്കാനും ഇന്നാട്ടിൽ നിയമമുണ്ട്. സുപ്രീം കോടതി ഇക്കാര്യത്തിൽ ഒരു സുപ്രധാന വിധിയിൽ വ്യക്തത അടുത്തകാലത്തുകൂടി വരുത്തിയതാണ്. പക്ഷേ ഞാൻ മേലേപ്പറഞ്ഞതുപോലെ എത്ര സ്ത്രീകൾക്ക് പുരുഷനേക്കാൾ അവസരങ്ങൾ ലഭിക്കുന്നുണ്ട് സാമ്പത്തികമായി മുന്നിലെത്താൻ?

കഴിഞ്ഞ ദിവസം മല്ലു അനലിസ്റ്റ് ‘പാട്രിയാർക്കിയിലെ പുരുഷൻ നേരിടുന്ന ദോഷങ്ങളെക്കുറിച്ച്’ പറഞ്ഞപ്പോൾ പുള്ളി പാട്രിയാർക്കിയെ നോർമലൈസ് ചെയ്തേ എന്നും പറഞ്ഞ് വാളെടുത്ത കുറെ വൈക്കോൽവാദ വിഗ്രഹങ്ങളുണ്ട്. അവർ ഇക്കാര്യം കേൾക്കുമ്പോൾ “ജീവനാംശത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയ” കരിക്കിനെ ഉറുഞ്ചി ഉറുഞ്ചി കുടിക്കാൻ സ്ട്രോ(മാൻ)യുമായി ഇറങ്ങും എന്നെനിക്കറിയാം. അപ്പോൾ കരിക്കിന്റെ ഡിഫൻസിൽ ഒരു കാര്യം കൂടി…

കരിക്കിൻ ഈ സംഭവം നടക്കുന്നത് 2019-ലാണ്. അതിൽ അവർ മെയ്മാസത്തിൽ ടൂർ പ്ലാൻ ചെയ്യുമ്പോൾ, “അടുത്ത മാസമോ” എന്ന് ചോദിക്കുന്നുണ്ട്. അതായത് ഈ വിവാഹവും ഇൻഷുറൻസ് ചർച്ചയും നടക്കുന്നത് 2019 ഏപ്രിലിലാണ്. ഈജിപ്തിലെ നിയമത്തിന്റെ ബിൽ വാർത്തയാവുന്നതും  ഇന്ത്യൻ മാധ്യമങ്ങളിൽ ആദ്യമായി ഇത്തരമൊരു ഇൻഷുറൻസിനെപ്പറ്റി വാർത്ത വരുന്നതും 2019 ആഗസ്റ്റിലാണ്. പ്രായമായ ബോസ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ നോക്കും എന്ന് നമുക്ക് കരുതാനാവില്ലല്ലോ. അത്രയൊക്കെ കഴിവുണ്ടെങ്കിൽ പുള്ളി ഇവരെയൊക്കെ ജോലിക്കെടുക്കുമോ! എന്തായാലും പിന്നീട്, നാലഞ്ച് മാസം കഴിഞ്ഞ്  ഈ വാർത്ത കണ്ട് ബോസ് അംബിമോനെ അഭിനന്ദിച്ചെന്നും, പ്രമോഷൻ കൊടുത്തെന്നും അവർ അണിയറയിൽ “അകേലേ ഹം, അകേലേ തും” എന്ന പേരിൽ ഒരു പോളിസി പ്ലാൻ ചെയ്യുന്നുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം.

PS: പടത്തിൽ വെട്ടിട്ടത് ആകർഷിക്കാൻ ആയിരുന്നു, കേട്ടോ. മാമനോടൊന്നും തോന്നല്ലേ.