സിയാദിന്റേത് രാഷ്ട്രീയ കൊലപാതകം; മാഫിയ നേതാവിനെ രക്ഷിച്ചത് കോൺഗ്രസ് കൌൺസിലർ: ജി സുധാകരൻ

single-img
21 August 2020

കായംകുളത്ത് സിപിഎം പ്രവർത്തകനായ സിയാദ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സിയാദ് മയക്കുമരുന്ന് മാഫിയയ്ക്കെതിരായി പോരാട്ടം നടത്തിയ സഖാവായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗുണ്ടയെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് കൌൺസിലർക്ക് ജാമ്യം ലഭിച്ച സംഭവം നിർഭാഗ്യകരമാണെന്നും അദ്ദേഹം ഇവാർത്തയോട് പറഞ്ഞു.

അതേസമയം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് താൻ പറഞ്ഞതായി മനോരമയും ഏഷ്യാനെറ്റുമടക്കം ചില മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളല്ല അവർ റിപ്പോർട്ട് ചെയ്തത്. സിയാദിന്റെ കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അതേ അഭിപ്രായമാണ് തനിക്കുമുള്ളത്. ഇത്തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ ആലപ്പുഴയിലെ ചില പ്രാദേശികലേഖകന്മാർ ആണെന്നും ജി സുധാകരൻ ആരോപിച്ചു.

“കായംകുളം സിയാദ് വധക്കേസില്‍ കോടിയേരിയെ തള്ളി മന്ത്രി ജി.സുധാകരന്‍” – എന്നായിരുന്നു മനോരമ റിപ്പോർട്ട് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടതെന്നും സുധാകരന്‍ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യങ്ങൾ ജി സുധാകരൻ നിഷേധിച്ചു. രാഷ്ട്രീയ സംഘർഷം മൂലമല്ല കൊലപാതകമുണ്ടായതെങ്കിലും മാഫിയ സംഘത്തിന് പിന്നിൽ കോൺഗ്രസ് ആയതിനാൽ അത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ഇവാർത്തയോട് പറഞ്ഞു.

“സിയാദിന്റെ വീട് ഞാൻ സന്ദർശിച്ചിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ വെറ്റ മുജീബിനെ സഹായിച്ച കോൺഗ്രസ് കൌൺസിലർക്ക് ജാമ്യം ലഭിച്ച കാര്യം വിഷമത്തോടെ അദ്ദേഹത്തിന്റെ പിതാവ് എന്നെ അറിയിച്ചു. കൊലപാതകം നടത്തിയ പ്രതിയെ അയാൾ ജില്ല കടത്തി കോട്ടയത്തെത്തിച്ചിരുന്നു. അയാൾക്ക് ജാമ്യം ലഭിക്കാൻ പാടില്ല. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ട്.”

ജി സുധാകരൻ ഇവാർത്തയോട് പറഞ്ഞു.

ബുധനാഴ്ച്ച രാത്രിയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്ന വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ വെറ്റ മുജീബ് എന്ന ഗുണ്ട കുത്തിക്കൊലപ്പെടുത്തിയത്. മത്സ്യവ്യാപാരം കഴിഞ്ഞ് വീട്ടിലെത്തിയ സിയാദ് ഭാര്യ ഖദീജ നല്‍കിയ ഭക്ഷണപ്പൊതി കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലെത്തിച്ച് മടങ്ങിവന്നപ്പോഴായിരുന്നു കൊലപാതകം. കൊലപാതകം കഴിഞ്ഞയുടനെ അടഞ്ഞുകിടന്ന കടയുടെ ഗോഡൗണില്‍ പ്രതി വെറ്റമുജീബ് ഒളിച്ചതും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ കാവില്‍നിസാം എത്തി കൊലയാളിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയതും ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സിപിഐ എം ആരോപിച്ചിരുന്നു.