പൊലീസുകാർ മാവേലി വേഷം കെട്ടേണ്ട, വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ട: ഉത്തരവ് പിൻവലിച്ച് കമ്മീഷണർ

single-img
19 August 2020

പൊലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്ന് ഉത്തരവ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെതാണ് ഉത്തരവ്. കോവിഡ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പൊലീസിനുള്ളില്‍ വിമര്‍ശനം ശക്തമാകുകയായിരുന്നു. 

പ്രധാന ജംഗ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്. ഈ സാഹചര്യത്തിലാണ് കമ്മീഷണറുടെ പുതിയ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാന്‍ ആളില്ലെങ്കില്‍ പരിപാടി നടത്തേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. 

തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ആലോചിച്ചത്.