ഈ സമയത്ത് ഭരണം യുഡിഎഫ് ആയിരുന്നെങ്കിൽ കേരളം എന്നെന്നേയ്ക്കുമായി നശിച്ചുപോകുമായിരുന്നു: ജി സുധാകരൻ

single-img
17 August 2020

യുഡിഎഫാണ് ഈ കാലത്തെങ്കിൽ കേരളം എന്നെന്നേക്കുമായി നശിച്ചുപോകുമായിരുന്നുവെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇടതുപക്ഷം കേരളത്തിൽ വീണ്ടും അധികാരത്തിൽ വന്നാൽ ത്രിപുരയിലും ബംഗാളിലും ഇടതുപക്ഷ അനുകൂല തരംഗം വീണ്ടുമുണ്ടാകുമെന്ന് ബിജെപി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ പത്ര സമ്മേളനത്തിലാണ് ജി സുധാകരൻ ബിജെപിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ചത്. 

അൻപത് വർഷം കൊണ്ടുണ്ടാകാത്ത വികനമാണ് കേരളത്തിൽ പിണറായി മന്ത്രി സഭയുടെ കാര്യത്തിലുണ്ടായതെന്നും അതുമൂലമുണ്ടായ മനോവിഷമമാണ് യുഡിഎഫിൻ്റെ പ്രവർത്തനങ്ങളിൽ നിഴലിച്ചു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി പടർന്നു പിടിച്ച കാലത്തും യുഡിഎഫും ബിജെപിയും നടത്തുന്നത് വിദ്വേഷ രാഷ്ട്രീയമാണ്. ഔഷധം കൊണ്ടും വികസനം കൊണ്ടും സർക്കാർ കൊറോണയോട് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 

വലിയ വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ കാലയളവിൽ കേരളം കണ്ടതെന്നും മന്ത്രി പറഞ്ഞു. തൻ്റെ വകുപ്പും വികസന കാര്യങ്ങളിൽ കേരളം ഇതുവരെ കാണാത്ത പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. 4000 റോഡുകളും, 517 പാലങ്ങളും നാലു വർഷം കൊണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ കുട്ടനാട്ടിൽ മാത്രം 14 പാലങ്ങളാണ് പൂർത്തിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ ഹൈവേയും മലയോര ഹൈവേയും കൂടി 1850 കിലോമീറ്ററാണ് പണി പൂർത്തിയായത്. അൻപത് വർഷം കൊണ്ടുണ്ടാകാത്ത വികസനം നാലുവർഷം കൊണ്ടുണ്ടാക്കിയ സർക്കാരാണ് കേരളം ഇപ്പോൾ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തൻ്റെ ഓഫീസിൽ ഫയലുകൾ കെട്ടിക്കിടക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് മാത്രം ആയിരത്തിലധികം ഫയലുകൾ അയച്ചു. എല്ലാം പാസാകുകയും ചെയ്തു. എസ് എം എസ് , ഇമെയിൽ, വാട്സാപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ വരുന്ന പരാതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റൊരു സർക്കാരിൻ്റെ കാലത്തും ഇത്രയും വേഗതയാർന്ന പ്രവർത്തനങ്ങൾ കാണിച്ചുതരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീ സൗഹൃദകേന്ദ്രങ്ങൾ നടപ്പിലായത് ഈ സർക്കാർ കാലയളവിലാണ്. ഈ സർക്കാർ കാലയളവിൽ എല്ലാ സർക്കാർ ഓഫീസുകളിലും സ്ത്രീകൾക്ക് വിശ്രമകേന്ദ്രങ്ങളുണ്ടായെന്നും മന്ത്രി ഓർമ്മിപ്പിച്ചു.  

അഴിമതിയ്ക്കെതിരെ ഞാൻ കുരിശുയുദ്ധമാണ് നടത്തുന്നത്. 4000-ലധികം ഉദ്യോഗസ്ഥർക്ക് നോട്ടീസ് കൊടുത്തു. ഇതിൽ 250-ലധികം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ഇവരിൽ രജിസ്ട്രേഷൻ വകുപ്പിലെ സബ് രജിസ്ട്രാർമാർ പി ഡബ്ലു ഡി എഞ്ചിനീയർമാർ എന്നിവരാണ് കൂടുതലെന്നും മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ 150 കോടിയുടെ അഴിമതി പി ഡബ്ല്യുഡി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

പത്രസമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി മരളീധരനെതിരെയും അദ്ദേഹം രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിക്കുവാനും കേരളത്തിൻ്റെ അവകാശങ്ങളെ നിഷേധിക്കുവാനും അദ്ദേഹം നിരന്തരം പ്രയത്നിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജന്മനാടിനെ എതിർക്കുവാൻ ഒരു മന്ത്രിയെ ഡൽഹിയിൽ വച്ചതാണ് എന്നു ജനങ്ങൾക്കു തോന്നിയാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ചനടത്തുകയും കേന്ദ്ര- സംസ്ഥാന ബന്ധം ഊട്ടിയുറപ്പിക്കുവാൻ മുൻകെെയെടുക്കുകയും ചെയ്യണമെന്നാണ് അദ്ദേഹത്തോട് ഈ അവസരത്തിൽ പറയാനുള്ളതെന്നും ജി. സുധാകരൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറി എം ശിശങ്കറിനെതിരെയും അദ്ദേഹം രംഗത്തെത്തി.ശിവശങ്കരൻ വഞ്ചകനാണെന്നും അദ്ദേഹം സർക്കാരിനെ വഞ്ചിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്വപ്നയുമായി ചേർന്ന് ശിവശങ്കരൻ നടത്തിയ ഇടപാടുകൾ അപമാനകരമാണ്. ഇഎംഎസിൻ്റെ കാലം മുതൽ ഐ എ എസുകാരെപ്പറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വ്യക്തമായ നിലപാടുകളുണ്ടെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. 150 കോടി ജനങ്ങളുള്ള ചൈനയിൽ കമ്മ്യൂണിസ്റ്റുകാർ മാനമായി ഭരണം നടത്തുന്നുണ്ടെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. 

ഐ എ എസുകാരുടെ കഴിവുകൾ സർക്കാർ വേണ്ടവിധത്തിൽ ഉപയോഗിക്കും. പക്ഷേ അവരല്ല ഭരിക്കുന്നതെന്നുള്ള ബോധമുണ്ടാകണം. ഐ എ എസായതുകൊണ്ട് എല്ലാ കഴിവുമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കിടയിൽ നിരവധി കുഴപ്പക്കാരുണ്ട്. അനാവശ്യ യാത്രകൾ നടത്തുന്നവർ, ആവശ്യമുള്ള ഫയലുകൾ നോക്കാതിരിക്കുന്നവർ ഉൾപ്പെടെയുള്ളവർ ഈ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കരൻ ഐ എ എസ് ഉദ്യോഗസ്ഥനാണെന്നും നീക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു. 

കേരള കോൺഗ്രസ് എം തർക്കത്തെയും അദ്ദേഹം പരിഹസിച്ചു. കേരളാ കോൺഗ്രസിൻ്റെ വിപ്പ് പൊട്ടിയെന്നും ഇപ്പോൾ ചാട്ട വേറേ ചരട് വേറേയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റെ കാര്യം കഷ്ടമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന് ഗുണകരമായ ഒരു പ്രസ്താവനയും ഇറക്കാറില്ല. രമേശ് ചെന്നിത്തല പറഞ്ഞ നല്ല കാര്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്നും അല്ലാത്തവ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

വി മുരളീധരൻ മന്ത്രിയായിക്കഴിഞ്ഞപ്പോൾ ഭാവം മാറി പുതിയൊരു വ്യക്തിയായെന്നും ജി സുധാകരൻ പറഞ്ഞു. ബഹുമാനപ്പെട്ട വി മുരളീധരൻ, താങ്കൾ ഒരു സാധാരണ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തകനെപ്പോലെ പെരുമാറരുത്. കേന്ദ്ര മന്ത്രിയെന്ന നിലയിൽ അങ്ങ് സംസ്ഥാനത്തിനും കേന്ദ്രത്തിനുമിടയിൽ ഒരു പാലമായി വർത്തിക്കണം- അദ്ദേഹം ഓർമ്മിപ്പിച്ചു.

പി എസ് സി വഴി നിയമനം നൽകിയത് 141,615 പേർക്കാണെന്നും അദ്ദേഹം പറഞ്ഞു. പി ഡബ്ല്യുഡിയിൽ പി എസ് സി വഴി 4232 പേർക്ക് നിയമന ഉത്തരവ് നൽകി. പി ഡബ്ല്യുഡിയിൽ പ്രൊമോഷൻ വഴി 2113 പേർക്ക് നിയമനം നൽകി. . ആശ്രിത നിയമനം 76 ആണെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവർത്തകർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നത് അപലപനീയമാണ്. അത് രാഷ്ട്രീയമല്ല. സ്ത്രീകളെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെടുന്ന ഇടതുപക്ഷക്കാരുടെ കാര്യത്തിൽ ഇത്തരം വിമർശനം കാണാറില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാം ഒരുപോലെ വിമർശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പ്രതിപക്ഷത്ത് നിന്ന് സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി പരിഹാസരൂപേണ പറഞ്ഞു.