‘ട്രംപ് എക്സ്റ്റസി പില്‍’ ട്രംപിന്റെ ഡ്യൂപ്പോ ? സംഭവം ഇതാണ്

single-img
17 August 2020

ഒരാളെ പോലെ ലോകത്ത് ഏഴുപേരെങ്കിലും കാണുമെന്നാണല്ലോ പറയാറ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖസാദൃശ്യവുമായി അങ്ങനെ മറ്റൊരാളെ കണ്ടാൽ അത്ഭുതപ്പെടാനില്ല. എന്നാൽ ട്രംപിന്റെ മുഖസാദൃശ്യവുമായി ഒരു ഗുളികയാണ് വിപണിയിലെത്തിയിരിക്കുന്നതെങ്കിലോ ? അതെ കടുത്ത ലഹരിയടങ്ങിയ ഗുളികകള്‍ യുകെയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത് . കഴിഞ്ഞ ദിവസം ബെഡ്‌ഫോര്‍ഡ്ഷയറില്‍ മുപ്പതുകാരനായ യുവാവ് ഇത്തരത്തിലുള്ള ഗുളികകളുമായി പിടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ‘ട്രംപ് എക്സ്റ്റസി പില്‍’ എന്ന പേരില്‍ ലഹരിയടങ്ങിയ ഗുളികകള്‍ വ്യാപകമാകുന്നതായി പൊലീസ് പുറംലോകത്തെ അറിയിച്ചത്.

‘എക്സ്റ്റസി പില്‍’ ലഹരിക്കായി ഉപയോഗിക്കുന്ന കൊടും വില്ലനാണ് , ഇത്തരം ഗുളികകളുടെ വില്‍പന യുകെയില്‍ നേരത്തേ മുതല്‍ തന്നെ സജീവമാണ്. ഓരോ കാലത്തും അതിന്റെ കച്ചവടം കൂട്ടാനായി പുതിയ ട്രെന്‍ഡുകള്‍ വില്‍പനക്കാര്‍ അവലംബിക്കാറുണ്ടത്രേ. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡ് ആണ് ‘ട്രംപ് ഗുളിക’യെന്നാണ് പൊലീസിന്റെ വിശദീകരണം. അസാധാരണമായ വിധം കടുപ്പത്തിലുള്ള ലഹരിയാണ് ‘ട്രംപ് ഗുളിക’യില്‍ അടങ്ങിയിരിക്കുന്നതെന്നും സൂക്ഷിച്ചില്ലെങ്കില്‍ ഇതിന്റെ ഉപയോഗം മൂലം മരണം വരെ സംഭവിച്ചേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അനിയന്ത്രിതമാം വിധത്തില്‍ ശരീരത്തിന്റെ താപനില വര്‍ധിക്കുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യുന്നതോടെയാണ് ‘എക്‌സ്റ്റസി പില്‍’ കാരണം മിക്ക മരണങ്ങളും സംഭവിക്കുന്നത് .അഥവാ മരണം സംഭവിച്ചില്ലെങ്കിൽ കൂടി ക്രമേണ ശരീരത്തേയും മനസിനേയും പരിപൂര്‍ണ്ണമായി തകര്‍ക്കാന്‍ ഈ ഗുളികകള്‍ക്ക് കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

താല്‍ക്കാലികമായ ലഹരിക്ക് വേണ്ടി ഈ ഗുളികകളെ ആശ്രയിക്കുമ്പോള്‍ ഇവ എന്നെന്നത്തേക്കുമായി ഇവ മാനസികനില തെറ്റിക്കുകയും, നാഡികളെ പതിയെ നശിപ്പിക്കുകയും, വിഷാദം- ഉത്കണ്ഠ- പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിത്യമായി തള്ളിവിടുകയും, ഓര്‍മ്മശക്തിയെ നശിപ്പിക്കുകയും, വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുമത്രേ. അതിനാല്‍ ഒരിക്കല്‍ പോലും ഇത്തരം ഗുളികകള്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

യുകെയില്‍ മാത്രമല്ല, ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളില്‍ നിയമവിരുദ്ധമായി ‘എക്സ്റ്റസി പില്‍സ്’ വില്‍പന നടക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ കടുത്ത ‘അഡിക്ഷന്‍’ ഉണ്ടാക്കാനും ഇവയ്ക്ക് കഴിയും. അതിനാല്‍ തീര്‍ത്തും ഇതിന്റെ ഉപയോഗം വേണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

കൊടിയവിഷമുള്ള എക്സ്റ്റസി പില്ലിന് ട്രംപിന്റെ മുഖം കൊടുത്തത് ബ്രിട്ടൺ അമേരിക്കൻ പ്രസിഡന്റിനെ അവഹേളിക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2018ല്‍ യുകെയില്‍ 92 പേരാണ് ഇത്തരത്തിലുള്ള ‘എസ്‌ക്റ്റസി പില്‍’ കഴിച്ചത് മൂലം മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഇപ്പോഴും കൃത്യമായി തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും ‘എക്സ്റ്റസി പില്‍’ മൂലമുള്ള മരണം കൂടിവരിക തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.