സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു; ലോക്ക്ഡൗൺ നീട്ടി ന്യൂസിലാന്‍ഡ്

single-img
14 August 2020

നൂറിലധികം ദിവസങ്ങളിലെ ഇടവേളയ്ക്ക് ശേഷം ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാൻഡിൽ ലോക്ക്ഡൗൺ 12 ദിവസത്തേക്ക് കൂടി നീട്ടി. നഗരത്തില്‍ സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം 29 ആയതോടെയാണ് ലോക്ക്ഡൗൺ നീട്ടുന്നതായി
രാജ്യത്തിന്റെ പ്രധാനമന്ത്രി ജസീന്താ ആർഡേൻ അറിയിച്ചിരിക്കുന്നത്.

നേരത്തെ തുടർച്ചയായ 102 ദിവസം സമ്പർക്ക രോഗികളെ റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യത്ത് വീണ്ടും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യകൂടിയ നഗരമായ ഓക്ക്‌ലാൻഡിൽ ഒരു കുടുംബത്തിലെ നാല് പേര്‍ക്കായിരുന്നു പുതുതായി രോഗം അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.

നിലവില്‍ ഈ ക്ലസ്റ്ററിൽ നിന്നും ആകെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 29 ആയിരിക്കുകയാണ്. ഇതിനകം 38 പേരെ ക്വാറന്റൈൻ ചെയ്യുകയും ചെയ്തു. ഇവിടെ രോഗികളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ട്. നിലവില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്‌റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയ അടഞ്ഞു കിടക്കും. ജനങ്ങള്‍ക്കുള്ള അവശ്യ സേവനങ്ങൾക്ക് മാത്രമാകും ഇളവുകൾ.

അതേസമയം ഓക്ക്‌ലൻഡിന് പുറത്ത് ന്യൂസിലൻഡിന്റെ മറ്റ് ഭാഗങ്ങളിൽ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. 22 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ ഇതേവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിക്കുകയും 1602 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.