കോണ്‍ഗ്രസില്‍ മുതിര്‍ന്ന തലമുറ യുവാക്കള്‍ക്ക് അവസരം നല്‍കണം: ബിജെപി നേതാവ് എസ്എം കൃഷ്ണ

single-img
14 August 2020

രാജ്യത്ത് കോണ്‍ഗ്രസില്‍ യുവനേതാക്കള്‍ക്ക് അവസരമില്ലെന്നും മുതിര്‍ന്ന തലമുറ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ബിജെപി നേതാവ് എസ്എം കൃഷ്ണ. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയുടെ ഭരണത്തെയും പ്രശംസിച്ച കൃഷ്ണ, ബിജെപിയെ നേരിടാന്‍ ആവശ്യമായ കരുത്ത് ഇപ്പോഴും കോണ്‍ഗ്രസിനുണ്ടെന്നും പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് യോജിക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായി എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്എം കൃഷ്ണ സംസാരിച്ചത്.

നമ്മുടെ രാജ്യത്തെ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കാന്‍ സംവിധാനമുണ്ടാുകണം. ഭരണ നേതൃത്വത്തില്‍ ഉള്ള നേതാക്കളെ വിമര്‍ശിക്കാനുള്ള ഭയം വെടിയണം. മഹാത്മാ ഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും കാലത്തേത് പോലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സ്ഥാനമുണ്ടാകണം. നവീകരണം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും എസ്എം കൃഷ്ണ പറഞ്ഞു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ മൂന്ന് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.