ഈ വർഷം സ്കൂൾ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചേക്കും

single-img
13 August 2020

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാന സിലബസിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടായേക്കുമെന്ന് സൂനകൾ.  സി.ബി.എസ്.ഇ മാതൃകയിൽ സ്കൂൾ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നേരത്തേ വിദ്യാലയങ്ങൾ തുറക്കുന്നത് കേന്ദ്രം ഡിസംബർ വരെ നീട്ടിയിരുന്നു. ഈ സമയത്ത് ഓൺലെെൻ വിദ്യാഭ്യാസമല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് സിലബസ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നത്. 

കേന്ദ്രസർക്കാർ സ്കൂൾ തുറക്കൽ പ്രതീക്ഷിക്കുന്ന ഡിസംബർ വരെ തുടർച്ചയായി ഓൺലൈൻ ക്ളാസ് നടത്തിയാലും പാഠഭാഗങ്ങളിൽ പകുതി പോലും പഠിപ്പിച്ചു തീർക്കാനാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓൺലെെൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്കു ലഭിക്കുന്ന സമയവും തുച്ഛമാണ്. സ്കൂളുകളിൽ ഒരു ദിവസം കുറഞ്ഞത് അഞ്ച് മണിക്കൂർ അദ്ധ്യയനത്തിന് ലഭിക്കുമ്പോൾ, ഓൺലൈനിൽ ഇത് രണ്ട് മണിക്കൂറിൽ താഴെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

വരുന്ന ഡിസംബറിലോ ജനുവരിയിലോ റഗുലർ ക്ലാസ് തുടങ്ങാൻ സാധിക്കുമന്നു പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ടെങ്കിലും അക്കാര്യം ഉറപ്പില്ല. ഒരുപക്ഷേ ഡിസംബറിൽ ആരംഭിച്ചാൽത്തന്നെ ഈ അദ്ധ്യയന വർഷത്തിൽ പിന്നെ അവശേഷിക്കുക രണ്ടോ മൂന്നോ മാസം മാത്രമാണ്. ഈ പശ്ചാത്തലത്തിൽ നിലവിലെ സിലബസിൽ 30 ശതമാനം വരെ ഒഴിവാക്കേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 

സിലബസ് വെട്ടിക്കുറക്കേണ്ടി വരുമെന്നു പറയുന്നുണ്ടെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പാഠഭാഗങ്ങളുടെ കാര്യത്തിൽ അതെങ്ങനെയാണെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. വിദ്യാഭ്യാസ ജീവിതത്തിൽ നിർണ്ണായകമായ ഈ സ്റ്റാൻഡേർഡുകളിൽ അതെങ്ങനെ സാധ്യമാക്കുമെന്നാണ് നിലവിലെ ചിന്ത.  പൊതു വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

രണ്ട് മാസത്തെ ഷെഡ്യൂൾ നിശ്ചയിച്ചുകൊണ്ടായിരുന്നു സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ പഠനം ആരംഭിച്ചത്. എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആ കണക്കുകൂട്ടലുകൾ തെറ്റുകയും ചെയ്തു. എന്നാൽ കേരളത്തിൽ ഓൺലെെൻ ക്ലാസ് സംരംഭം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു എന്നുള്ളത് വലിയ പ്രതീക്ഷയാണ് നൽകുന്നതും. 

അതേസമയം പ്ലസ് ടു സിലബസ് 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള സി.ബി.എസ്.ഇ തീരുമാനം സ്കൂളുകൾ നടപ്പിലാക്കിത്തുടങ്ങി. 9 മുതൽ 12 വരെ ക്ളാസുകളിലെ പാഠഭാഗങ്ങളാണ് ആദ്യം വെട്ടിക്കുറച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ ക്ളാസിലെയും പുസ്തകങ്ങളിൽ പഠിക്കേണ്ടതും ഒഴിവാക്കേണ്ടതും ഏതൊക്കെ പാഠങ്ങളാണെന്നതു സംബന്ധിച്ച ധാരണ അദ്ധ്യാപകർ കുട്ടികൾക്ക് നൽകിക്കളഇഞ്ഞു. 

ഓൺലെെൻ ക്ലാസ് പ്രവർത്തനങ്ങളിൽ പരീക്ഷ എങ്ങനെ നടത്തുമെന്നുള്ള ആശങ്കയും രക്ഷകർത്താക്കൾ പങ്കുവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഓൺലൈനാക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിന്റെ നിലവാരം നിർണയിക്കുന്നതിനും ഇതാവശ്യമാണ്. സംസ്ഥാന സിലബസ് സ്കൂളുകളിൽ ഓൺലൈനായി സെപ്തംബറിൽ ആദ്യപാദ പരീക്ഷയും ഡിസംബറിൽ അർദ്ധ വാർഷിക പരീക്ഷയും നടത്തണമെന്നും, അർദ്ധ വാർഷിക പരീക്ഷ മതിയെന്നുമുള്ള നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെ സാദ്ധ്യതകൾ പരലിശമാധിക്കുവാൻ തയ്യാറെടുക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പെന്നു സെക്രട്ടറി എ.ഷാജഖാൻ പറഞ്ഞു.

അതേസമയം സി.ബി.എസ്.ഇ സ്കൂളുകൾ ഓൺലൈൻ യൂണിറ്റ് പരീക്ഷ പൂർത്തിയാക്കിക്കഴിഞ്ഞു.