കൃഷ്ണൻ ജയിലിൽ ജനിച്ച ഈ ദിവസം തന്നെ നിങ്ങൾക്ക് ജാമ്യം വേണോ? പ്രതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

single-img
12 August 2020

ശ്രീകൃഷ്ണൻ ജയിൽ ജനിച്ച ഈ ദിവസം തന്നെ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തുപോകണമോയെന്ന് പ്രതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ജാമ്യാപേക്ഷ സമർപ്പിച്ച ധർമ്മേന്ദ്ര വാല്വി എന്ന പ്രതിയോടായിരുന്നു തമാശരൂപേണ ചീഫ് ജസ്റ്റിസ് ഇപ്രകാരം ചോദിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്ന ദിവസമാണ് ഇന്ന്.

കോൺഗ്രസ് പ്രവർത്തകനായ ധർമേന്ദ്ര വൽവിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ധർമേന്ദ്ര.

“നിങ്ങൾക്ക് ജയിൽ വേണോ ബെയിൽ വേണോ? കൃഷ്ണഭഗവാൻ ജയിലിൽ ജനിച്ച് ദിവസമാണിന്ന്. ഇന്നുതന്നെ ജയിൽ വിടണോ?” എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചോദ്യം.

ജാമ്യം വേണമെന്നായിരുന്നു ധർമേന്ദ്രയുടെ അഭിഭാഷകൻ മറുപടി പറഞ്ഞത്. “ നല്ലത്, മതത്തോട് തീവ്രമായി ആകൃഷ്ടനാകരുത്” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

1994-ൽ ഒരു ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ധർമേന്ദ്ര. 2017-ൽ ഇദ്ദേഹത്തിന്റെ ശിക്ഷ ബോംബേ ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. ഹൈക്കോടതി വിധിയ്ക്കെതിരായി സുപ്രീം കോടതിയിൽ ഇദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ട്.

ധർമേന്ദ്രയുടെ അപ്പീലിന്മേൽ ഇദ്ദേഹത്തിന് 25,000 രൂപയുടെ ഈടിന്മേൽ ചീഫ് ജസ്റ്റിസ് ജാമ്യം അനുവദിക്കുകയും ചെയ്തു.