‘അര്‍ണബ് – വാർത്താ വേശ്യ’; സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് രാം ഗോപാല്‍ വര്‍മ

single-img
12 August 2020

സംഘപരിവാർ അനുകൂല വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കുറിച്ച് ‘അര്‍ണാബ്;വാർത്താ വേശ്യ’ (ദി ന്യൂസ് പ്രോസ്റ്റിസ്റ്റൂട്ട്) എന്ന പേരില്‍ നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

സോഷ്യൽ മീഡിയയിൽ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്.തന്റെ സിനിമയിലൂടെ അര്‍ണബിനെ പൊതുജനമധ്യത്തില്‍ വ്യക്തമായി തുറന്നുകാട്ടുമെന്നും അര്‍ണബിന്റെ സിനിമക്കെതിരെയുള്ള പ്രേക്ഷകരുടെ ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാല്‍ വര്‍മ മുൻപ് പറഞ്ഞിരുന്നു.

അടുത്തിടെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ച് അര്‍ണബ് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ക്രിമിനലുകളും ബലാല്‍സംഗക്കാരും കൊലപാതകികളും വാഴുന്ന ഇടമാണ് ബോളിവുഡ് എന്ന് പറയുകയുണ്ടായിരുന്നു.

ബോളിവുഡ് താരങ്ങളായിരുന്ന ദിവ്യ ഭാരതി, ജിയാഖാന്‍ ശ്രീദേവി എന്നീ ബോളിവുഡ് താരങ്ങളുടെ മരണം പോലെയാണ് ഇപ്പോള്‍ സുശാന്ത് സിങിന്റെ മരണമെന്നും അര്‍ണബ് സമര്‍ത്ഥിക്കാന്‍ തന്റെ ചര്‍ച്ചയില്‍ ശ്രമിച്ചിരുന്നു. അര്‍ണബിന്റെ ഈ പരാമര്‍ശങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് രാം ഗോപാല്‍ വര്‍മ പുതിയ സിനിമ പ്രഖ്യാപിച്ചത്.