കരിപ്പൂർ വിമാനാപകടം; പ്രാർത്ഥനയോടെ ലോകം, മരണപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി താരങ്ങളും

single-img
8 August 2020

കോവിഡ് ഭീതിയിൽ വിഷമിച്ചിരുന്ന സമൂഹം, കരിപ്പൂർ വിമാനാപകടത്തിന്റെ വാർത്തയുടെ ഞെട്ടലിലാണ് .അപകടത്തിൽപ്പെട്ടവരെ , ലോകത്തിന്റെ പലകോണിൽ നിന്നും പ്രാർത്ഥനയോടെ ഓർക്കുകയാണ് പലരും. മരണപ്പെട്ടവർക്ക് അനുശോചനുമായി പലപ്രമുഖരും ഇതിനോടകം രംഗത്തുമെത്തി കഴിഞ്ഞു . മുൻക്രിക്കറ്റ് താരം സച്ചിൻ ടെണ്ടൂൽക്കറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും,ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, കമൽഹാസനുമടക്കുള്ളവർ ഇങ്ങനെ നീളുന്നു പട്ടിക .

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. അപകടത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്‌ലി കുറിച്ചു.

പൈലറ്റ് ദീപക് വസന്ത് സാഠെയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. പൈലറ്റ് സാഠെയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവരിൽ സിനിമാരംഗത്തെ പ്രമുഖരുമുൾപ്പെടും. ദീപക് വസന്ത് സാഠെയെ വ്യക്തിപരമായി പരിചയമുണ്ടെന്ന കാര്യം വ്യക്തമാക്കിയാണ് നടൻ പൃഥ്വിരാജ് രംഗത്തെത്തിയത്. മുൻപ് ഇരുവരും നടത്തിയ സംഭാഷണങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നാണ് സാഠെയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നടന്മാരായ അല്ലു അർജുൻ, കുഞ്ചാക്കോ ബോബൻ, അസ്കർ അലി, അർജ്ജുൻ അശോകൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ആൻ്റണി വർഗ്ഗീസ്, നന്ദു ആനന്ദ്, വിനയ് ഫോർട്ട്, ധനേഷ് ആനന്ദ്, സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ഇന്ദ്രജിത്ത്, അശ്വിൻ കുമാർ, അനു മോഹൻ, നടിമാരായ ഭാവന, രജിഷ വിജയൻ, റിമ കല്ലിങ്കൽ, അനശ്വര രാജൻ, സംഗീത സംവിധായകൻ കൈലാസ് മേനോൻ, സംവിധായകരായ ആഷിഖ് അബു, മിഥുൻ മാനുവൽ, ഒമർ ലുലു, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര നിരവധി സെലിബ്രിറ്റികളാണ് മരണപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി രംഗത്തുവന്നത്.

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാരെയും അഭിനന്ദിക്കുകയാണ് പലരും . കൊറോണയെ വകവെക്കാതെ ഓരോ ജീവിതങ്ങളെയും വാരിയെടുത്ത കൈകളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ച എല്ലാ പ്രദേശവാസികൾക്കും ഉദ്യോഗസ്ഥർക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് എന്നും നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ
വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് സിനിമ താരം കുഞ്ചാക്കോ ബോബൻ രംഗത്ത് എത്തിയത് .