ഇനിയും പൊരിച്ച മത്തിയും കൂട്ടി ഉച്ചയൂണ് കഴിക്കണമെങ്കിൽ ഇക്കാര്യം ഓർമ്മയിൽ വച്ചോളു

single-img
6 August 2020

ചോറിൻ്റെ കൂടെ ഒരു കഷ്ണം മത്തി പൊരിച്ചതു കിട്ടിയാൽ ഉച്ചയൂണ് ഗംഭീരമായി. പക്ഷേ ഈ അടുത്തകാലത്തായിവറുത്ത മത്തിയുടെ മണമുള്ള ഉച്ചയൂണുകൾ മലയാളികൾക്കു നഷ്ടപ്പെട്ടു കഴിഞ്ഞോ? മത്തിയെ സംബന്ധിച്ചുള്ള വാർത്തകൾ തരുന്നത് അങ്ങനെ ചില ചിന്തകളാണ്. മത്തി കിട്ടാക്കനിയാകുന്നോ? സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വര്‍ഷവും മത്തിയുടെ ലഭ്യതയില്‍ കാര്യമായ വര്‍ധനയുണ്ടായേക്കില്ലെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെപ്പോലെ മത്തിച്ചാളയുടെ ക്ഷാമം തുടരും. മാത്രമല്ല മത്തി പിടിക്കുന്നതില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ സമുദ്ര കാലാവസ്ഥ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് കടലില്‍ മത്തിയുടെ ക്ഷാമം തുടരുന്നതിന് കാരണമെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. എല്‍നിനോ എന്ന പ്രതിഭാസമാണ് മത്തിയെ ബാധിച്ചിരിക്കുന്നത്. വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ പ്രതിഭാസം. എൽ നിനോ മത്തിയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചുകഴിഞ്ഞു. അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയില്‍ വളര്‍ച്ചപ്രാപിക്കുന്നതിനും എൽ നിനോ തടസ്സമായി മാറുകയായിരുന്നു.

ചെറിയ മത്തികളെ പിടിക്കുന്നത് ഒഴിവാക്കുകയും ഇതോടൊപ്പം തന്നെ, മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നമാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ വരുംവര്‍ഷങ്ങളില്‍ മത്തിയുടെ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂള്ളു എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ മത്തി ക്ഷാമം കേരളത്തിൽ മാത്രമാണെനഎ്നു കരുതരുത്. കാലാവസ്ഥാ മാറ്റത്തിൻ്റെ പ്രഭാവം കേരളത്തിലെ മത്സ്യങ്ങളെ മാത്രമല്ല, ലോകമൊട്ടാകെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയില്‍ സുലഭമയ കാലിഫോര്‍ണിയന്‍ മത്തിയുടെ ഉല്പാദനം പത്ത് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ടണ്ണില്‍നിന്നും കേവലം 86,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്. മത്തി ഇനത്തില്‍പ്പെട്ട ഹെറിംഗ്, പില്‍ചാഡ്, ഷാഡ് മത്സ്യങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ സമാനമായ തകര്‍ച്ചയുണ്ടായിട്ടുണ്ടെന്നും കൂടി ഓർക്കുക. കാലാവസ്ഥാ മാറ്റം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒരു ഇനമാണ് മത്തി എന്ന് ഇക്കാര്യങ്ങളിൽ നിന്നും വ്യക്തമാണ്.

2019ൽ മറ്റു സംസ്ഥാനങ്ങളിലെ മത്സ്യ ഉത്പാദം വർദ്ധിച്ചപ്പോൾ കേരളത്തിലെ ഉല്പാദനം മുമ്പലത്തെ വർഷത്തേക്കാൾ 15 ശതമാനം ഇടിയുകയാണ് ചെയ്തിരിക്കുന്നത്. മുൻ വർഷം 6.43 ലക്ഷം ടണ്ണായിരുന്ന ഉത്പാദനം 2019-ല്‍ 5.44 ലക്ഷം ടണ്ണായി. ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇഷ്ട മത്സ്യങ്ങളായ അയലയുടേയും മത്തിയുടേയും ഉല്പാദനത്തിലാണ്. 2012-ല്‍ മത്തി 3.99 ലക്ഷം ടണ്‍ പിടിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് കേവലം 44,320 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്പാദനമാണ് കഴിഞ്ഞ വർഷമുണ്ടായത്.

സാധാരണ മത്തി കുറയുമ്പോള്‍ വർദ്ധിക്കുന്നത് അയലയാണ്. എന്നാൽ അയലയും ഇത്തവണ ശുഷ്കമായിരുന്നു. അയലയുടെ ഉല്പാദനത്തിലും മുന്‍വര്‍ഷത്തേക്കാള്‍ 50ശതമാനം കുറവുണ്ടായിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ മത്തിയുടെ ചിത്രം നോക്കി ചോറു കഴിക്കേണ്ടിവരില്ലേ എന്നു സംശയിച്ചാൽ കുറ്റംപറയാൻ പറ്റില്ല.

ഈ സാഹചര്യത്തിൽ ഒരു കാര്യം കൂടി പറയാം. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്തി കിട്ടിയില്ലെങ്കിലും കേരളീയര്‍ക്ക് അതു ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി നാം കഴിക്കുന്ന മത്തി തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍, തൂത്തുക്കുടി, പുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ് എത്തുന്നത്. പേയ് ചാള എന്നു തമിഴർ വിളിക്കുന്ന മത്തി അവർ കഴിക്കാറില്ല എന്നുള്ളതാണ് സത്യം. അതു മുഴുവന്‍ കേരളത്തിലേക്ക് ഐസ് ചെയ്ത് കയറ്റി അയക്കുകയാണ് അവർ ചെയ്യുക.

കഴിഞ്ഞ വര്‍ഷം കേവലം 30 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന അവിടത്തെ മത്തിക്ക് ഇപ്പോള്‍ 100 രൂപ മുതല്‍ 120 രൂപ വരെ അവിടെ വിലയുണ്ട്. മുനമ്പം മത്തി, പുറക്കാട് ചാള എന്നൊക്കെ പേരില്‍ നാം അത് 250-300 രൂപ കൊടുത്ത് വാങ്ങിക്കഴിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല 2015 മുതല്‍ ഒമാനില്‍നിന്നു തടിച്ചതും രുചികുറഞ്ഞതുമായ മത്തിയും നാം ഇറക്കുമതി ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ അഞ്ചു രൂപ മാത്രം വിലയുള്ള മത്തി ഇവിടെ കൊണ്ടുവന്ന് വലിയ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. ഈ പരിപാടി തുടങ്ങിയത് 2019 മുതലാണ്. അതായത് കു!റച്ചു കാലമായി നാം രുചിയോടെ കഴിക്കുന്ന മത്തി നമ്മുടെ വരവാണെന്നു സാരം.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള മത്സ്യബന്ധനം തുടർന്നാൽ മത്തിരുചി ഓർമ്മയിൽ നിന്നും ഓർത്തെടുത്തു ചോറുകഴിക്കേണ്ട ഗതിയിലേക്കു നാം എത്തുമെന്നുള്ളതിൽ സംശയം വേണ്ട.