അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ് അന്തരിച്ചു

single-img
5 August 2020

വൈദ്യ രത്നം ഔഷധശാല ഉടമയും തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാനുമായ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ് അന്തരിച്ചു. നിലവിൽ വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം‌. 2010ലായിരുന്നു ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചത്.

അതിന് പുറമെ പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സമീപ കാലത്തായി ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ ചികിത്സിച്ചിരുന്നു. 1941ല്‍ ഇദ്ദേഹത്തിന്റെ പിതാവ് നീലകണ്ഠന്‍ മൂസാണ് വൈദ്യരത്നം ഔഷധശാല ആരംഭിക്കുന്നത്.

തുടർന്ന് 1954ല്‍ നാരായണന്‍ മൂസ് ചുമതല ഏറ്റെടുത്തു.കോഴിക്കോടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ എന്നിവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.