സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
2 August 2020

വരും ദിവസങ്ങളിൽ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് വ്യാപകമായി അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് (ഓഗസ്റ്റ് 3 ), കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് (ഓഗസ്റ്റ് 4) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് (ഓഗസ്റ്റ് 5) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് (ഓഗസ്റ്റ് 6 ) എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മേല്‍ പറഞ്ഞ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിചിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് കണ്ണൂര്‍, കാസർകോട് ജില്ലയിലും അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.