അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
1 August 2020

അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്  ദേവസ്യ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.   80 വയസ്സായിരുന്നു. 

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായിരുന്നു. എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന ഐഎസ്ഒയിലൂടെയാണ് പൊതുപ്രവർത്തന രം​ഗത്തെത്തുന്നത്. 

കളമശേരി-ഏലൂര്‍ മേഖലയില്‍ പ്രമുഖ എച്ച് എം എസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം അനുഭവിച്ചു. 1979 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി എം ജേക്കബിനെതിരെ പിറവത്തും 1991ൽ പെരുമ്പാവൂരിൽ പി പി തങ്കച്ചനെതിരെയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം എന്നീ നിലകളിലും ജനതാ ദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് എന്നി പദവികള്‍ വഹിച്ചിരുന്നു.