പുതിയ പ്രതിസന്ധി: അമേരിക്കയില്‍ കോവിഡ് ബാധിച്ചു വളർത്തുനായ ചത്തു, ലോകത്ത് ആദ്യം

single-img
31 July 2020

കോവിഡ് ബാധിച്ച ആദ്യ വളര്‍ത്തുനായ ചത്തു.  ന്യൂയോര്‍ക്കില്‍ മഹോണിയുടെ വളര്‍ത്തുനായമാണ് കോവിഡിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏഴു വയസ്സുളള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ബഡി എന്ന നായ അസുഖബാധിതനായത്. വളര്‍ത്തുനായയുടെ ഉടമ കോവിഡില്‍ നിന്ന് മുക്തി നേടിയ സമയത്താണ് ബഡിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ശ്വാസതടസ്സം മൂലം ബുദ്ധിമുട്ടിയിരുന്ന നായയുടെ നില പിന്നീട് വഷളാകുകയായിരുന്നു. രക്തം ഛര്‍ദ്ദിക്കുകയും മൂത്രത്തിലൂടെ ചോര വരുകയും ചെയ്തതോടെ വീട്ടുകാര്‍ ദയാവധത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

നായയുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ബഡിയൊടൊപ്പം ഉണ്ടായിരുന്ന 10 മാസം പ്രായമുളള നായ്ക്കുട്ടിക്ക് രോഗം ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

അതേസമയം നായക്ക് കാന്‍സര്‍ രോഗബാധ ഉണ്ടായിരുന്നതായുള്ള സംശയങ്ങളും പുറത്തു വരുന്നുണ്ട്. ഇതാണ് കോവിഡിനെ തുടര്‍ന്ന് ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരെപ്പോലെ മറ്റു രോഗങ്ങള്‍ ഉളള മൃഗങ്ങള്‍ക്കും കോവിഡ് ബാധിച്ചാല്‍ കൂടൂതല്‍ അപകടകരമാണെന്ന സംശയങ്ങള്‍ ബലപ്പെട്ടിട്ടുണ്ട്.