അയോധ്യയില്‍ പള്ളി നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സ്ഥലത്ത് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: സുന്നി വഖഫ് ബോര്‍ഡ്

single-img
29 July 2020

അയോധ്യാ തര്‍ക്ക വിഷയത്തില്‍ അയോധ്യയില്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മിക്കുന്നതിനായി സുപ്രീം കോടതി അനുവദിച്ചുകൊടുത്ത 5 ഏക്കര്‍ ഭൂമിയില്‍ ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് യുപിയിലെ സുന്നി വഖഫ് ബോര്‍ഡ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായി സംസ്ഥാനത്തെ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫറൂഖി അറിയിച്ചു.

പുതിയ മസ്ജിദിനോടനുബന്ധിച്ച് ഇന്തോ-ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററും ലൈബ്രറിയും ആശുപത്രിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഫര്‍ അഹമ്മദ് ഫറൂഖി തന്നെയായിരിക്കും പുതിയ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയും ചെയര്‍മാനും.

15 അംഗങ്ങള്‍ ഉള്ള ട്രസ്റ്റില്‍ 9 പേരെ നിലവില്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ബാക്കിയുള്ള ആറ് പേരെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് മസ്ജിദ് നിര്‍മ്മിക്കുന്ന ധാനിപൂര്‍.