അയോധ്യ ഭൂമി പൂജ തത്സമയ സംപ്രേഷണം നടത്തിയാല്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ പങ്കെടുക്കില്ല: തീരുമാനവുമായി കവികളായ പി രാമനും അന്‍വര്‍ അലിയും

single-img
29 July 2020

രാമക്ഷേത്ര നിർമ്മാണത്തിന്റെ പ്രാരംഭമായി ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര ഭൂമി പൂജയുടെ തത്സമയ സംപ്രേഷണം നടത്തിയാൽ തങ്ങൾ ദൂരദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന തീരുമാനവുമായി നിലപാട് അറിയിച്ച് കവികളായ പി രാമനും അന്‍വര്‍ അലിയും.

രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ തറക്കല്ലിളക്കുന്ന ആഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാത്ത പക്ഷം ദൂരദര്‍ശന്‍ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്‌കാരിക പരിപാടിയിലും ഇനി പങ്കെടുക്കില്ല എന്ന് പി രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പി രാമന്റെ തീരുമാനം വന്നതിന്റെ പിന്നാലെ ഇതിന് പിന്തുണയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലിയും രംഗത്തെത്തി. പി രാമന്‍ പ്രഖ്യാപിച്ചതിനൊപ്പം താനുമുണ്ടെന്നാണ് അന്‍വര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചത്.ഈ വിഷയത്തില്‍ കേരളത്തിലേയും എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരന്മാരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അന്‍വര്‍ അലി സോഷ്യല്‍ മീഡിയയില്‍ എഴുതി.