ആരോഗ്യ വകുപ്പിനെതിരെ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചു: ആശാവർക്കറെ പിരിച്ചുവിട്ടു

single-img
28 July 2020

തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിനെതിരെ വാസ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച ആശാ വർക്കറെ പിരിച്ചുവിട്ടു. ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ ആശാവർക്കറായ ഷൈലാദാസിനെയാണ് പിരിച്ചു വിട്ടത്. വാർഡ് കൗൺസിലർ റ്റി.ആർ. കോമളകുമാരിയുടെ പരാതിയെ തുടർന്നാണ് നടപടി. 

സർക്കാരിനും ആരോഗ്യ വകുപ്പിനെയും അവഹേളിക്കുന്ന തരത്തിലുള്ള വീഡിയൊ ലിങ്കുകളും സന്ദേശങ്ങളും കുടുംബശ്രീ അയൽകൂട്ടങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകളുടെ വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഇവർ പങ്കു വച്ചതായാണ് പരാതി ഉയർന്നത്. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്നാണ് കൗൺസിലർ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ, അഡ്വ.ബി.സത്യൻ എം.എൽ.എ, ചെയർമാൻ എം.പ്രദീപ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്. 

ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചെയർമാൻ ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ 18-ാം തീയതി ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ പങ്ക് വച്ചതായി ബോധ്യപ്പെടുകയും തുടർന്ന് ഇവരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. 

സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സുതാര്യമായ പ്രവർത്തനങ്ങൾക്ക് തുരങ്കം വക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ചെയർമാൻ അറിയിച്ചു.