ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാർ, ഫുഡ്ഹാൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ശൃംഖലകൾ റിലയൻസ് സ്വന്തമാക്കുന്നു

single-img
28 July 2020

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഫ്യൂച്ചർ ഗ്രൂപ്പിന്റെ കീഴിലുള്ള രാജ്യത്തെ റീട്ടെയിൽ ശൃംഖലകളെ വാങ്ങാൻ തയ്യാറെടുക്കുന്നു. ഏകദേശം 24,000 കോടി മുതൽ 27,000 കോടി രൂപ വരെ ഇതിനായി റിലയൻസ് ചെലവിടുമെന്നാണ് ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ടിൽ പറയുന്നത്.

അടുത്തിടെ മാത്രം ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെ ആഗോള നിക്ഷേപകർ റിലയൻസിന്റെ ഓയിൽ-ടു-ടെലികോം വ്യവസായ ​ഗ്രൂപ്പായ ആർഐഎല്ലിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ എത്തിയ വൻ നിക്ഷേപം റിലയൻസിന് പുതിയ മേഖലകളിൽ തങ്ങളുടെ വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കാൻ ആത്മവിശ്വാസം നൽകുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ തന്നെ രാജ്യത്തെ എല്ലാ പ്രമുഖ പട്ടണങ്ങളിലും നഗരങ്ങളിലും റിലയൻസിന് നിലവിൽ റീട്ടെയിൽ പ്രവർത്തന ശൃംഖലയുണ്ട്. ഇതിലേക്ക് ഫ്യൂച്ചർ ​ഗ്രൂപ്പിന്റെ ശൃംഖലയെക്കൂടി ഏറ്റെട‌ുത്ത് ലയിപ്പിക്കുകയാണ് ആർഐഎല്ലിന്റെ ലക്‌ഷ്യം. നിലവിൽ 12,000 സ്റ്റോറുകൾ റിലയൻസിന് രാജ്യത്തുടനീളം ഉണ്ട്.

ഇന്ത്യയുടെ “മോഡേൺ റീട്ടെയിലിംഗിന്റെ പിതാവ്” എന്നറിയപ്പെടുന്ന കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന് സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, ഭക്ഷ്യ റീട്ടെയിൽ ശൃംഖലയായ ഫുഡ്ഹാൾ, വസ്ത്ര റീട്ടെയിൽ ശൃംഖലയായ ബ്രാൻഡ് ഫാക്ടറി എന്നിവയുണ്ട്.