എന്തൊരു ക്രൂരത: സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ വളർത്തു നായയുടെ നാലുകാലുകളും സാമൂഹ്യ വിരുദ്ധർ അടിച്ചൊടിച്ചു

single-img
25 July 2020

ആലപ്പുഴ കോടംതുരുത്തിലാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത. അജ്ഞാതരായ വ്യക്തികളാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 

നടക്കാന്‍ പറ്റാത്തവിധം ബ്രൂണോ എന്ന നായയുടെ കാലുകള്‍ ഒടിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറുപതുശതമാനം പൊട്ടലുണ്ടെന്ന് കണ്ടെത്തി. രണ്ടു കാലുകാലുകള്‍ക്കാണ് ഏറെ പരിക്കുപറ്റിയത്.

കൂട് പൊളിച്ച് ചിലര്‍ നായയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ പറയുന്നത്. വീട്ടില്‍ ആള്‍ത്താമസമില്ലാത്ത നേരത്തായിരുന്നു സംഭവം. രണ്ടു പെണ്‍മക്കളോടൊപ്പം താമസിക്കുന്ന വീട്ടില്‍ സുരക്ഷയ്ക്കാണ് മാവുങ്കല്‍ത്തറ ലക്ഷ്മി ഭായി അഞ്ചുവര്‍ഷം മുന്‍പ് നായയെ വാങ്ങിയത്. ക്രൂരത ചെയ്തവരെക്കുറിച്ചുള്ള സംശയം ഉള്‍പ്പടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ലക്ഷ്മി ഭായി. 

എരമല്ലൂരിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് താമസം മാറിയത്. ഭക്ഷണം നല്‍കാനായി രാവിലയും വൈകീട്ടും വീട്ടിലെത്തും. ഇങ്ങനെ വന്നപ്പോഴാണ് നായയെ ആക്രമിച്ചതായി കണ്ടെത്തിയത്.

 ആലപ്പുഴയിലെ മൃഗാശുപത്രിയില്‍ എത്തിച്ച് നായയുടെ കാലുകള്‍ക്ക് പ്ലാസ്റ്ററിട്ടിരിക്കുകയാണ്.