വാജ്പേയ് ബീഫ് കഴിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ രണ്ടു പത്രപ്രവർത്തകരെ പുറത്താക്കി

single-img
25 July 2020

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന എ ബി വാജ്‌‌‌പേയ് ബീഫ് കഴിച്ചുവെന്ന പരാമർശത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യുസിൽ നടപടി. വാജ്‌‌‌പേയ് ബീഫ് കഴിച്ചുവെന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വെബ്‌ എഡിഷനില്‍ രണ്ടുപേരെ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ. അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് പുറത്താക്കിയത്. 

റഷീദിനെ ഒരു മാസത്തേക്ക് ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്യുയായിരുന്നു. നേരത്തേ പത്രപ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌ക്കര്‍ മാധ്യമം വാരികയില്‍ എഴുതുന്ന ആത്മകഥയിലെ ഒരു ഭാഗമാണ് ഏഷ്യാനെറ്റ്‌ വെബ്‌ എഡിഷന്‍ വാര്‍ത്തയാക്കിയതും നടപടിയുണ്ടായതും. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഇത്  ശ്രദ്ധയില്‍പെടുത്തിയതോടെയാണ് ചാനല്‍ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ഇടപെട്ടതെന്നാണ് സൂചനകൾ. 

ചാനലിൻ്റെ വാര്‍ത്താ സംബന്ധമായ കാര്യങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെടാറേ ഇല്ലെന്നു എഡിറ്റര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഈ നടപടി. 

‘ഇന്ത്യന്‍ പത്ര പ്രതിനിധികള്‍ക്ക് വാജ്‌പേയി ഒരു ദിവസം ഉച്ചഭക്ഷണം നല്‍കി. ഒരു പതിറ്റാണ്ട് മുന്‍പ് വഡോദരയില്‍ ജനസംഘത്തിന്റെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു.അന്ന് വിളമ്പിവെച്ച ഭക്ഷണത്തിന് മുന്നിലിരുന്ന് ഗായത്രീമന്ത്രം ഉരുവിട്ട ശേഷമാണ് വാജ്‌പേയിയും മറ്റ് സംഘ നേതാക്കളും ആഹാരം കഴിച്ചത്. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അവിടത്തെ രീതിയില്‍ വാജ്‌പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.´- ഇതായിരുന്നു നടപടിയിലേക്ക് നയിച്ച ബിആർപി ഭാസ്കറുടെ ആത്മകഥാ ഭാഗം. 

മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്‌പേയി കോരി സ്വന്തം പ്ലേറ്റിലിട്ടപ്പോള്‍ തൊട്ടപ്പുറത്തിരുന്ന ലേഖകന്‍ അദ്ദേഹത്തോട് `പണ്ഡിറ്റ് ജീ അത് ബീഫാണെ´ന്നു പറഞ്ഞപ്പോൾ വാജ്‌പേയി പുഞ്ചിരിച്ചുകൊണ്ട് ” ഇത് ഇന്ത്യന്‍ പശു അല്ല”  എന്നു പറഞ്ഞതായും ബി്ആർപി വ്യക്തമാക്കുന്നു.