ബാലഭാസ്കറിൻ്റെ മരണം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ആസൂത്രിതമായ കൊലപാതകമായിരുന്നു; ഞാൻ മരിച്ചാൽ അതിനുത്തരവാദി ആ സ്ത്രീ: മാധ്യമപ്രവർത്തകരോട് സഹായം ചോദിച്ച് കലാഭവൻ സോബി

single-img
24 July 2020

ബാലഭാസ്കർ കേസിൽ വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിക്ക് വധഭീഷണി. ബാലഭാസ്കറിനെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിൻ്റെ പേരിൽ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കലാഭവൻ സോബി പത്രക്കുറിപ്പിലൂടെ അറിയിച്ചു. അപകട സ്ഥലത്ത് താൻ കണ്ട ഒരാളും ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിർദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്ന അതിനുവേണ്ടി തന്നെ മൂന്നു തവണ വന്നു കണ്ട ഒരാളും ഇന്ന് എൻഐഎ കസ്റ്റഡിയിലാണെന്നും സോബി പറയുന്നു. 

ബാലുവിനെ കേസിൽ താൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുവാൻ ബാക്കിവച്ച കുറച്ചു കാര്യങ്ങൾ ഉണ്ടെന്നും ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാൻ ഒരു അവസരം ഉണ്ടാക്കിത്തരണമെന്നും മാധ്യമപ്രവർത്തരോട് സോബി അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അതു പറയാതെ താൻ കടന്നു പോയാൽ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്താതെ തീരുമെന്നും സോബി പറയുന്നു. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയായിരിക്കും അതിനുത്തരവാദിയെന്നും സോബി പറയുന്നുണ്ട്.

ബാലുവിൻ്റെ മരണം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകം ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുെന്നും സോബി പറയുന്നുണ്ട്. 

സോബിയുടെ പത്രക്കുറിപ്പ്: 

ബാലഭാസ്കർ കേസിൽ ഞാൻ മാക്സിമം പിടിച്ചു നിൽക്കുകയാണ്. ഇനിയും ഞാൻ എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല ഭീഷണികളും,  ഇന്നലെ ഒരു സംഘം രാത്രി 1 30 ന് അതിക്രമിച്ചുകയറി. ചെറുത്തു നിൽക്കും എന്ന് കണ്ട് അവർ വാഹനത്തിൽ കയറി പോയി. 

അപകട സ്ഥലത്ത് ഞാൻ കണ്ട ഒരാളും ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിർദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിനുവേണ്ടി എന്നെ മൂന്നു തവണ വന്നു കണ്ടവരിൽപ്പെട്ട ഒരാളും ഇന്ന് എൻഐഎ കസ്റ്റഡിയിലാണ്. മീഡിയേറ്റർ കസ്റ്റഡിയിൽ ആയതോടെ ഈ സ്ത്രീ എനിക്ക് എതിരെ പലതരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. അവർ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീക്ക് ഉറപ്പായിക്കഴിഞ്ഞു. അതിനാൽ തന്നെ ഏതെങ്കിലും രീതിയിൽ ഇല്ലാതാക്കുവാനാണ് ഈ സ്ത്രീ ഇപ്പോൾ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ സ്ത്രീ ആയിരിക്കും അതിന് പിന്നിൽ. 

മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാൽ ബാലുവിനെ കേസിൽ ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുവാൻ ബാക്കിവച്ച കുറച്ചു കാര്യങ്ങൾ ഉണ്ട് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.  ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാൻ ഒരു അവസരം ഉണ്ടായാൽ മതി.  അതു പറയാതെ ഞാൻ കടന്നു പോയാൽ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്താതെ തീരും. 

സിബിഐയ്ക്ക് മൊഴി കൊടുക്കുവാൻ നീ ഉണ്ടാകില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത് അതിനുമുൻപ് എൻറെ മൊഴി രേഖപ്പെടുത്തുവാൻ എന്നെ വിധേയമാക്കാനുള്ള നടപടിക്രമങ്ങൾ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും മാക്സിമം ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു. 

ഞാൻ ഇപ്പോഴും ഉറപ്പിച്ചുപറയുന്നു ബാലുവിൻ്റെ മരണം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകം ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തും.