അയോധ്യയിലെ ഭൂമി പൂജ അണ്‍ലോക്ക് 2.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം; ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

single-img
24 July 2020

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുള്ള ഭൂമി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജ കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 2.0ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചത് സാങ്കല്‍പ്പിക ആവശ്യമാണെന്ന പരാമര്‍ശത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.

ന്യൂ ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ സാകേത് ഗോഖലെയാണ് ഭൂമി പൂജ തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ചുരുങ്ങിയത് 200 പേരെങ്കിലും ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ച മാനദണ്ഡത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.

അതേപോലെ തന്നെ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെയുംം രാം മന്ദിര്‍ ട്രസ്റ്റിനെയും എതിര്‍ കക്ഷികളാക്കിയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് അഞ്ചിന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് പൂജാ ചടങ്ങുകള്‍ നടക്കുന്നത്. ഈ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുഖ്യാതിഥി. കേന്ദ്ര മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുള്‍പ്പെടെ 200 പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.