മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ് നൽകും

single-img
23 July 2020

സംസ്ഥാനത്തെ 88 ലക്ഷത്തോളം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കാൻ തീരുമാനം. അടുത്ത മാസം അവസാനമാകും വിതരണം.11 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. 

ഒരു കിലോ പഞ്ചസാര, അര കിലോ വന്‍പയര്‍/ചെറുപയര്‍, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം എന്നിവയടങ്ങിയതാണ് കിറ്റ്. 

കടല്‍ക്ഷോഭം ബാധിച്ചതും കണ്ടെയ്ന്‍മെന്റ് സോണുകളുമായ പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 11 ഇന പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റും ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നത്. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.