തിരുവനന്തപുരത്ത് ‘കീം’ എൻട്രൻസ് എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ്: ഒപ്പം പരീക്ഷയെഴുതിയവർ നിരീക്ഷണത്തിൽ

single-img
21 July 2020

തിരുവനന്തപുരത്ത് ‘കീം’ എന്‍ട്രന്‍സ്  പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തൈക്കാട്  കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം.

ഇതിൽ കരകുളം സ്വദേശിയായ വിദ്യാർഥിയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഒറ്റയ്‌ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. എന്നാൽ, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയിൽ മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് പരീക്ഷയെഴുതിയത്. ഈ വിദ്യാർഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ‘കീം’ എൻട്രൻസ് പരീക്ഷ നടന്നത്. ചില പരീക്ഷ കേന്ദ്രങ്ങൾക്ക് മുൻപിൽ വലിയ രീതിയിൽ ആൾക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയുന്ന 600 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മ്യൂസിയം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരെയാണ് കേസെടുത്തത്.

പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.